World News
അമേരിക്കക്ക് ചൈന പേടി; ചൈനീസ് വിദ്യാർത്ഥികൾ ചാരവൃത്തി നടത്തുന്നതായി യു.എസ് എം.പിമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
22 hours ago
Saturday, 22nd March 2025, 9:50 am
ചൈനീസ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഗവേഷണങ്ങളുടെ വിഷയം, രീതി, സ്വഭാവം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് യു.എസ് സർവകലാശാലകൾക്ക് എം.പിമാർ കത്തയച്ചു

വാഷിങ്ടണ്‍: ചൈനീസ് വിദ്യാര്‍ത്ഥികള്‍ ചാരവൃത്തി നടത്തുന്നുവെന്ന് ആരോപിച്ച് യു.എസ് ഹൗസ് സെലക്ട് കമ്മിറ്റി. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്, ഗണിതം എന്നീ വിഷയങ്ങളിലായി യു.എസ് സര്‍വകലാശാലകളില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ യു.എസ് ഹൗസ് സെലക്ട് കമ്മിറ്റി ഉത്തരവിട്ടു.

യു.എസ് ഹൗസ് സെലക്ട് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ മൂലേനാറിന്റേതാണ് ഉത്തരവ്. മെലോണ്‍ സര്‍വകലാശാല, പര്‍ഡ്യൂ സര്‍വകലാശാല, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ഇല്ലിനോയി സര്‍വകലാശാല, മേരിലാന്‍ഡ് സര്‍വകലാശാല, സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല എന്നീ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ വിവരം തേടി കമ്മിറ്റി ചെയര്‍മാന്‍ കത്തയക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ നീക്കം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും യു.എസിലെ ക്യാമ്പസുകള്‍ ചാരവൃത്തി നടത്താനുള്ള സോഫ്റ്റ് ടാര്‍ഗെറ്റകളാണെന്നും ജോണ്‍ മൂലേനാര്‍ പറഞ്ഞു. ഇന്റലിജന്റ്‌സിനെ ഉദ്ധരിച്ചാണ് കമ്മിറ്റി ചെയര്‍മാന്റെ പ്രതികരണം.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ വിവരങ്ങള്‍ തേടിയുള്ള യു.എസ് കമ്മിറ്റിയുടെ നീക്കം അപലപിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തി.

യു.എസിലെ ചൈനീസ് വിദ്യാര്‍ത്ഥികളുടെ നിയമാനുസൃതമായ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് അമേരിക്കയോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ എന്ന ആശയം അമിതമായി ഉപയോഗിക്കുന്നത് നിര്‍ത്താനും ചൈന ആവശ്യപ്പെട്ടു.

‘യു.എസില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ 25 ശതമാനവും ചൈനയില്‍ നിന്നുള്ളവരാണ്. അത് സാമ്പത്തിക വികസനത്തിനും സാങ്കേതിക മികവിനും സംഭാവന നല്‍കുന്നു,’ മാവോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം അബദ്ധവശാല്‍ ചൈനയുടെ സാങ്കേതിക-സൈനിക പുരോഗതിയുടെ ഇന്‍കുബേറ്ററുകളായി യു.എസ് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ജോണ്‍ മൂലേനാര്‍ കത്തില്‍ പറയുന്നുണ്ട്.

1882 മുതല്‍ 1943 വരെ യു.എസിലേക്കുള്ള ചൈനീസ് കുടിയേറ്റം നിയന്ത്രിച്ച ‘ചൈനീസ് ഒഴിവാക്കല്‍ നിയമ’ത്തെ കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം. പ്രധാനമായും ചൈനീസ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഗവേഷണങ്ങളുടെ വിഷയം, രീതി, സ്വഭാവം എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് വിദ്യാര്‍ത്ഥികളെ വലിയ സാമ്പത്തിക സ്രോതസായാണ് യു.എസ് കാണുന്നത്. ചൈനീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ട്യൂഷന്‍ ഫീയായി യു.എസ് ഭരണകൂടം ആവശ്യപ്പെടുന്നത് വലിയ തുകയാണ്.

മാര്‍ച്ച് 14ന് യു.എസ് കോണ്‍ഗ്രസില്‍ ചൈനീസ് പൗരന്മാര്‍ക്ക് അമേരിക്കയില്‍ പഠിക്കുന്നതിനോ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതിനോ വിസ ലഭിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചിരുന്നു. വെസ്റ്റ് വിര്‍ജീനിയയിലെ റിപ്പബ്ലിക്കന്‍ എം.പി റൈലിയാണ് ഈ ബില്‍ അവതരിപ്പിച്ചത്.

എന്നാല്‍ കടുത്ത വിമര്‍ശനമാണ് ഈ ബില്ലിനെതിരെ യു.എസിലാകമാനമായി ഉയര്‍ന്നത്. ഇതോടെ ബില്‍ നടപ്പിലാക്കുന്നത് അനിശ്ചിതത്വത്തിലാണ്.

Content Highlight: US lawmakers accuse Chinese students of espionage, push universities for data