ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ഹാജരാക്കണം; യു.ജി.സിയോട് സുപ്രീം കോടതി
national news
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ഹാജരാക്കണം; യു.ജി.സിയോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd January 2025, 7:07 pm

ന്യൂദല്‍ഹി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട ജാതി വിവേചനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ യു.ജി.സി (യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍) യോട് ആവശ്യപ്പെട്ട് സുപ്രീം കോടതി.

ക്യാമ്പസുകളിലെ ജാതി വിവേചനം കാരണം ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെയും പായല്‍ തദ്വിയുടെയും അമ്മമാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

രാജ്യത്തെ സര്‍വകലാശാലകള്‍, കേന്ദ്ര/ സംസ്ഥാന/ സ്വകാര്യ/ ഡീംഡ് എന്നിങ്ങനെയായി തരംതിരിച്ച് വിവരങ്ങള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കാനാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

ഇതിന് പുറമെ ഈക്വല്‍ ഓപ്പര്‍ച്ചൂണിറ്റി സെല്ലിന്റെ രൂപീകരണം, 2012ലെ പ്രൊമോഷന്‍ ഓഫ് ഇക്വിറ്റി ഇന്‍ ഹയര്‍ എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് റെഗുലേഷന്‍സ് (Promotion of Equity in Higher Educational Institutions) പ്രകാരം യു.ജി.സിക്ക് ലഭിച്ച മൊത്തം പരാതികളുടെ എണ്ണവും അതില്‍ നടപടി സ്വീകരിച്ചതിന്റെയും വിവരങ്ങളും സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം 2012ലെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതില്‍ യു.ജി.സിയുടെ പരാജയം ഊന്നിപ്പറഞ്ഞ സുപ്രീം കോടതി യൂണിയന്‍ ഓഫ് ഇന്ത്യയോടും നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രിഡിറ്റേഷന്‍ കൗണ്‍സിലിനോടും (NAAC) എസ്.സി/എസ്.ടി കമ്മ്യൂണിറ്റിയിലെ ആത്മഹത്യ ചെയ്ത മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും കണക്ക് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാല് ആഴ്ചയ്ക്കുള്ളില്‍ സോളിസിറ്റര്‍ ജനറല്‍ മുഖേന എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്രത്തിനേയും നാക്കിന്റെ അഭിഭാഷകനേയും അറിയിക്കാന്‍ കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി സ്‌കോളര്‍ ആയിരുന്ന രോഹിത് വെമുല 2016 ജനുവരി 17നാണ് ആത്മഹത്യ ചെയ്യുന്നത്. ക്യാമ്പസില്‍ നേരിട്ട ജാതി വിവേചനം മൂലമാണ് രോഹിത് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് വര്‍ഷത്തിന് ശേഷം, മുംബൈയിലെ ടി.എന്‍ ടോപിവാല നാഷണല്‍ മെഡിക്കല്‍ കോളേജിലെ ആദിവാസി വിദ്യാര്‍ത്ഥിയായ പായല്‍ തദ്വിയും ആത്മഹത്യ ചെയ്തു. ക്യാമ്പസിലെ ഉന്നത ജാതിയിലെ സമപ്രായക്കാരില്‍ നിന്ന് അവള്‍ ജാതി വിവേചനം നേരിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് കാമ്പസുകളിലെ ജാതി വിവേചനം അവസാനിപ്പിക്കാനുള്ള സംവിധാനം നടപ്പില്‍ വരുത്തണമെവശ്യപ്പെട്ട് 2019ല്‍ രോഹിത്തിന്റേയും പായലിന്റേയും അമ്മമാരായ രാധിക വെമുലയും അബേദ സലിം തദ്വിയും പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. 2023 ജൂലൈയില്‍, ഈ ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും യു.ജി.സിയുടെ പ്രതികരണം തേടുകയും ചെയ്തിരുന്നു.

Content Highlight: Supreme Court  orders UGC to collate complaints of on-campus caste discrimination raised in varsities