മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായ റഹ്‌മാന്‍ വളരെ പെട്ടെന്ന് തന്നെ യുവതി യുവാക്കളുടെ ഹരമായി മാറിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ നടന് കഴിഞ്ഞിരുന്നു.
ഒരു കാലത്ത് മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കൂട്ടുകെട്ടായിരുന്നു റഹ്‌മാന്‍ – മമ്മൂട്ടി കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. മിക്ക സിനിമകളിലും മമ്മൂട്ടിയുടെ സഹോദരനായിട്ടാണ് റഹ്‌മാന്‍ അഭിനയിച്ചിട്ടുള്ളത്.
ഇപ്പോള്‍ ഈറന്‍ സന്ധ്യ എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് റഹ്‌മാന്‍. ശോഭനയും താനും മമ്മൂട്ടിയും ഒരുമിച്ചുള്ള സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ സംഭവമാണ് നടന്‍ പറഞ്ഞത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റഹ്‌മാന്‍.
‘ഈറന്‍ സന്ധ്യയുടെ ഷൂട്ടിങ്ങ് സമയത്തെ ഒരു സംഭവം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് ഒരു ദിവസം ഞാന്‍ ശോഭനയും ഇച്ചാക്കയും കൂടെ സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഇച്ചാക്ക കാര്‍ ഓടിക്കുന്ന സീനാണ്. ഒരു പാസിങ് ഷോട്ട് മാത്രമായിരുന്നു അത്. എന്തോ ലോങ്ങായ ഷോട്ടോ മറ്റോ ആയിരുന്നു.
ഇച്ചാക്ക കാര്‍ ഓടിക്കുമ്പോള്‍ ഞാനും ശോഭനയും പിന്നിലാണ് ഇരിക്കുന്നത്. ഞങ്ങള്‍ ആ സമയത്ത് എന്തൊക്കെയോ തമാശകള്‍ പറഞ്ഞ് ചിരിച്ചു. അത് ഇച്ചാക്കയ്ക്ക് പിടിച്ചില്ല (ചിരി). അദ്ദേഹം ദേഷ്യത്തില്‍ വണ്ടി അവിടെ നിര്‍ത്തി.
‘നിങ്ങള്‍ എന്നാല്‍ സംസാരിക്ക്. എന്നിട്ട് നമുക്ക് ഷൂട്ട് ചെയ്യാം’ എന്നൊക്കെ പറഞ്ഞ് ഇച്ചാക്ക നന്നായി ചൂടായി. അതിലൊക്കെ ശരിക്കും അദ്ദേഹത്തോട് ഇഷ്ടം മാത്രമാണുള്ളത്. അല്ലാതെ ഒരിക്കലും അതൊന്നും ഒരു തെറ്റായി ഞാന്‍ കാണുന്നില്ല. അതില്‍ എനിക്ക് ശരിക്കും തമാശയാണ് തോന്നിയിട്ടുള്ളത്,’ റഹ്‌മാന്‍ പറയുന്നു.
Content Highlight: Rahman Talks About Eeran Sandhya Movie Shooting Experience With Mammootty And Shobana