തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനങ്ങള്‍ക്ക് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി
national news
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനങ്ങള്‍ക്ക് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd March 2023, 12:22 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനങ്ങള്‍ക്ക് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെട്ട സമിതിയാകും തെരഞ്ഞെടുപ്പ് കമ്മീഷനെ ശുപാര്‍ശ ചെയ്യുക. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും നിയമിക്കാന്‍ കൊളീജിയം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണാധികാരികളില്‍ നിന്നുള്ള എല്ലാത്തരം സ്വാധീനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടവരാണെന്നും എങ്കില്‍ മാത്രമേ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകൂവെന്നും ബെഞ്ച് വ്യക്തമാക്കി.

ന്യായമായും നിയമപരമായും പ്രവര്‍ത്തിക്കാനും ഭരണഘടനയുടെ വ്യവസ്ഥകള്‍ പാലിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു.

ജനാധിപത്യം ജനങ്ങള്‍ക്കുള്ള അധികാരവുമായി കെട്ടുപിണഞ്ഞിരിക്കുകയാണ്. കാര്യക്ഷമമായും നീതിയുക്തമായും നടപ്പാക്കിയാല്‍ സാധാരണക്കാരന്റെ വിപ്ലവത്തെ ജനാധിപത്യം കൂടുതല്‍ സുഗമമായി നടപ്പാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlight: Supreme court orders constitution of panel comprising 3 member committee to appoint election commissioner