Kerala News
ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം; പി.കെ. ശ്രീമതി നല്‍കിയ മാനനഷ്ടക്കേസില്‍ മാപ്പ് പറഞ്ഞ് ബി. ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Thursday, 27th March 2025, 4:50 pm

തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ഹൈക്കോടതി നടത്തിയ മീഡിയേഷനിലാണ് ബി. ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചത്.

ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമശത്തില്‍ ബി. ഗോപാലകൃഷ്ണനെതിരെ പി.കെ. ശ്രീമതി മാനനഷ്ടക്കേസ് നല്‍കിയിരുന്നു. പ്രസ്തുത കേസ് നിലവില്‍ ഹൈക്കോടതി ഇടപെടലിലൂടെ ഒത്തുതീര്‍പ്പായി.

മന്ത്രിയായിരുന്ന കാലയളവില്‍ പി.കെ. ശ്രീമതിയുടെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യവകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നാണ് ബി.ജെ.പി നേതാവ് കോടതിയില്‍ പറഞ്ഞത്.

താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയും വിധത്തില്‍ തന്റെ കൈവശം തെളിവോ രേഖകളോ ഇല്ലെന്നും ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീമതിക്ക് ഉണ്ടായ മനോവിഷമം ഉള്‍ക്കൊള്ളുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ അറിയിച്ചു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ സത്യം മാത്രമേ പറയാവൂ എന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രീയമായി തങ്ങള്‍ ഇരുവരും രണ്ട് തലങ്ങളിലാണ്. പക്ഷെ ഒരു സ്ത്രീ എന്ന നിലയിലും ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും പി.കെ. ശ്രീമതിക്ക് ഉണ്ടായ മനോവിഷമം ഉള്‍ക്കൊള്ളാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ പി.കെ. ശ്രീമതിയും മാധ്യമങ്ങളോട് വ്യക്തമാക്കി. തനിക്ക് പറ്റിയ തെറ്റ് അഡ്വ. ഗോപാലകൃഷ്ണന്‍ തുറന്നുപറഞ്ഞുവെന്നും ഖേദം അറിയിച്ചുവെന്നും ശ്രീമതി പറഞ്ഞു.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്നതുമായ ഗോപാലകൃഷ്ണനെ പോലെയുള്ളവര്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ജനങ്ങള്‍ വിശ്വസിച്ച് പോകുമെന്നും പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി. കേസിന് പോകാതെ മറ്റൊരു നിവര്‍ത്തിയില്ല എന്ന് തോന്നിയതുകൊണ്ടാണ് നിയമനടപടി സ്വീകരിച്ചതെന്നും പി.കെ. ശ്രീമതി പറഞ്ഞു.

ചാനല്‍ ചര്‍ച്ചയിലുണ്ടായ പരാമര്‍ശത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ വെച്ച് തന്നെ ബി. ഗോപാലകൃഷ്ണന്‍ തന്നോട് ഖേദം പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ട്. ബി.ജെ.പി നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചതാണെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഖേദപ്രകടനവും മാധ്യമങ്ങള്‍ പരിഗണിക്കണമെന്നും പി.കെ. ശ്രീമതി പറഞ്ഞു.

Content Highlight: B. Gopalakrishnan apologizes for remarks in channel discussion against PK Sreemathi