2025 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് രാജസ്ഥാന്‍ നേരിടേണ്ടി വന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 152 റണ്‍സായിരുന്നു നേടിയത്. എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ 153 റണ്‍സ് നേടി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നത്. 61 പന്തില്‍ ആറ് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 97 റണ്‍സ് നേടി പുറത്താകാതെയാണ് ഡി കോക് രാജസ്ഥാനെ പഞ്ഞിക്കിട്ടത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാകാനാണ് ഡി കോക്കിന് സാധിച്ചത്. ഈ നേട്ടത്തില്‍ ശിഖര്‍ ധവാനെ മറികടന്നാണ് ഡി കോക്ക് രണ്ടാം സ്ഥാനത്ത് എത്തിയത്. ഈ റെക്കോഡ് ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ സഞ്ജു സാംസണിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. 11 പന്തില്‍ രണ്ട് ഫോറിന്റെ അകമ്പടിയോടെ 13 റണ്‍സാണ് സഞ്ജു നേടിയത്.
ക്യാപ്റ്റനായി എത്തിയ റിയാന്‍ പരാഗ് 15 പന്തില്‍ 25 റണ്‍സ് നേടി പുറത്തായപ്പോള്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 29 റണ്‍സും നേടി കൂടാരം കയറി. മധ്യനിരയില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി ടീമിന് തുണയായത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലാണ്. 28 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ല.
കൊല്‍ക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ, ഹര്‍ഷിത് റാണ, മൊയീന്‍ അലി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സ്പെന്‍സര്‍ ജോണ്‍സന്‍ ഒരു വിക്കറ്റും നേടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തി.
Content Highlight: 2025 IPL: Quinton De Kock In Great Record Achievement In Home Ground Of Rajasthan