ന്യൂദല്‍ഹി: അരിക്കൊമ്പന്‍ എവിടെയാണെന്നറിയാന്‍ സുപ്രീം കോടതിയെ സമീപിച്ച ഹരജിക്കാരന് 25000 രൂപ പിഴയിട്ട് കോടതി. വോക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനക്കാണ് കോടതി പിഴയിട്ടത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അരിക്കൊമ്പനുമായി ബന്ധപ്പെട്ട് കോടതിയില്‍ നിരവധി ഹരജികള്‍ വരുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.’അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹരജി കൊണ്ട് കോടതി മടുത്തു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഒരു ഹരജി വരുന്നുണ്ട്. ഇന്നലെയും ഒരു ഹരജി തള്ളി. നിങ്ങള്‍ കേരള ഹൈക്കോടതിയെ സമീപിക്കൂ,’ കോടതി പറഞ്ഞു.
എന്നാല്‍ ഹരജി കേള്‍ക്കണമെന്ന് സുപ്രീം കോടതിയോട് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അരിക്കൊമ്പന്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്നെങ്കിലും തങ്ങള്‍ക്ക് അറിയണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ എന്തിന് അറിയണമെന്ന് ഹരജിക്കാരനോട് കോടതി ചോദിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയല്‍ ചെയ്യുന്ന ഹരജികളെ സുപ്രീം കോടതി എങ്ങനെ സമീപിക്കുന്നുവെന്നത് ആളുകള്‍ കാണുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ കോടതി ഹരജിക്കാരന് പിഴയിട്ട് ഹരജി തള്ളി. പൊതുതാല്‍പര്യ ഹരജിയെന്ന സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന നടപടിയാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജിക്കാരന് പിഴയിട്ടത്.