ന്യൂദല്‍ഹി: വിദ്യാര്‍ത്ഥിനികള്‍ക്കും തൊഴില്‍ വര്‍ഗ സ്ത്രീകള്‍ക്കും അതാത് പ്രവര്‍ത്തന മേഖലകളില്‍ ആര്‍ത്തവാവധി നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയങ്ങളില്‍ കേന്ദ്ര വനിതാ ശിശു വികസന വകുപ്പിനെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്നാല്‍ പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് എടുക്കാതെയാകുമെന്നും കോടതി പറഞ്ഞു.
അതാത് മേഖലകളില്‍ ആര്‍ത്തവാവധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടണമെന്ന പൊതുതാല്പര്യ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. വിഷയം നയപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അഡ്വക്കേറ്റ് ഷൈലേന്ദ്ര മണി തൃപാഠിയാണ് ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി. എസ് നരസിംഹ, ജസ്റ്റിസ് ജെ. ബി. പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു പരാമര്‍ശം.
‘ആര്‍ത്തവാവധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ല. ഇത് നയപരമായ വിഷയമാണ്. കേന്ദ്ര സര്‍ക്കാരാണ് ഇത്തരം വിഷയങ്ങളില്‍ നടപടിയെടുക്കേണ്ടത്. കോടതി ഇത്തരമൊരു ഉത്തരവിറക്കിയാല്‍ പല സ്ഥാനപനങ്ങളിലും സ്ത്രീകളെ ജോലിക്കെടുക്കാന്‍ മടിക്കും.
സമീപകാലത്തായി നിരവധി രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. സ്‌പെയിനില്‍ സ്ത്രീകള്‍ക്ക് പെയ്ഡ് മെന്‍സ്ട്രല്‍ ലീവ് നല്‍കുമെന്ന് ഭരണകൂടം അറിയിച്ചിരുന്നു. മൂന്ന് മുതല്‍ അഞ്ചു ദിവസം വരെയാണ് ഇത്തരത്തില്‍ അവധി ലഭിക്കുക.
ആര്‍ത്തവ സമയത്ത് ശാരീരിക ആസ്വസ്ഥതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഫിസിയോളജിക്കല്‍ ലീവ് ലഭിക്കുമെന്ന് ജപ്പാനും വ്യക്തമാക്കിയിട്ടുണ്ട്. ചൈന, തയ്വാന്‍, സാമ്പിയ, വിയറ്റ്‌നാം, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ അര്‍ത്തവാവധി നടപ്പിലാക്കുന്നുണ്ട്.
Content Highlight: Supreme court dismisses plea for menstrual leave for women in schools and at workplace