national news
ചീഫ് ജസ്റ്റിസിന്റെ വിരമിക്കല്‍ ദിനത്തില്‍, വിദ്വേഷ പ്രസംഗക്കേസിലെ യോഗിക്കെതിരായ ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 26, 09:36 am
Friday, 26th August 2022, 3:06 pm

ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗക്കേസില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ഹരജി തള്ളി സുപ്രീം കോടതി. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് ചോദ്യം ചെയ്തുനല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

ഇന്ന് വിരമിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ സി.ടി. രവികുമാര്‍, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

ജസ്റ്റിസ് സി.ടി. രവികുമാറാണ് വിധി പ്രസ്താവം നടത്തിയത്. നടപടി എടുക്കുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അപ്പീല്‍ നിരസിക്കുകയുമാണെന്നാണ് ജസ്റ്റിസ് രവികുമാര്‍ പറഞ്ഞത്.

2017 ജനുവരി 27ന് ഗോരഖ്പൂരില്‍ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച യോഗത്തില്‍ യോഗി ആദിത്യനാഥ് മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതേ വര്‍ഷം കേസ് വന്നെങ്കിലും യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ യു.പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

തുടര്‍ന്ന് അലഹാബാദ് ഹൈക്കോടതി യു.പി സര്‍ക്കാരിന്റെ നടപടി ശരിവെക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്.

അതേസയമം, ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടപടിക്രമങ്ങള്‍ ലൈവായി സ്ട്രീം ചെയ്യുകയാണ്. മൂന്ന് വിധിപ്രസ്താവങ്ങളാണ് രമണ ഇന്ന് നടത്തുക. ഇതിന് ശേഷം രമണയുടെ യാത്രയയപ്പ് ചടങ്ങുകളും സംപ്രേഷണം ചെയ്യും. ആദ്യമായാണ് സുപ്രീം കോടതിയുടെ നടപടികള്‍ തത്സമയ സംപ്രേഷണം നടത്തുന്നത്.