'ടീമേ ഞങ്ങളും ഒപ്പമുണ്ട്'; ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി ടൈല്‍ വര്‍ക്ക് തൊഴിലാളികളും
Kerala News
'ടീമേ ഞങ്ങളും ഒപ്പമുണ്ട്'; ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി ടൈല്‍ വര്‍ക്ക് തൊഴിലാളികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2019, 3:42 pm

കാസര്‍ഗോഡ്: നടന്‍ ബിനീഷ് ബാസ്റ്റിന് നേരെ നടന്ന അധിക്ഷേപത്തില്‍ പ്രതിഷേധമുയര്‍ത്തി ടൈല്‍സ് വര്‍ക്ക് തൊഴിലാളികളും. തങ്ങളുടെ കുടുംബാംഗത്തിനുള്ള ഐക്യദാര്‍ഡ്യമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ആള്‍ കേരള മാര്‍ബിള്‍ ആന്‍ഡ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മറ്റിയാണ് ബിനീഷ് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടി നടത്തിയത്. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തൊഴിലാളികള്‍ പ്രകടനം നടത്തി.

മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായിരുന്നു വിവാദമായത്. ഇന്നലെ വൈകീട്ട് ആറ് മണിക്കായിരുന്നു പരിപാടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.

ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തിയത്.

 കാരണം എന്താണെന്ന് ബിനീഷ് ചോദിച്ചപ്പോള്‍, മാസിക പ്രകാശനം ചെയ്യാന്‍ വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നും ബിനീഷിനോട് പറയുകയായിരുന്നു.

എന്നാല്‍ പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതിരുന്ന ബിനീഷ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തുകയും നിലത്തിരുന്ന് പ്രതിഷേധിക്കുകയും തനിക്കുണ്ടായ വിഷമം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച ശേഷം മടങ്ങുകയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ