ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ സൂപ്പര്‍ഹിറ്റെന്ന് ഉറപ്പിച്ചു, അദ്ദേഹത്തെ കൊണ്ട് വായിപ്പിച്ചപ്പോള്‍ പൊട്ട സ്‌ക്രിപ്റ്റാണെന്നായിരുന്നു മറുപടി: സണ്ണി വെയ്ന്‍
സിനിമകള്‍ക്കായി വായിക്കുന്ന സ്‌ക്രിപ്റ്റുകളെ കുറിച്ചും സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്മാരായ സണ്ണി വെയ്‌നും ഷെയ്ന്‍ നിഗവും. ഒരു സ്‌ക്രിപ്റ്റ് വായിച്ചു കഴിഞ്ഞാല്‍ സിനിമയുടെ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കാനാവില്ലെന്നും സ്‌ക്രിപ്റ്റ് വായിക്കുന്ന ഒരു ഘട്ടത്തിലും അത് പ്രവചിക്കാന്‍ കഴിയില്ലെന്നുമാണ് താരങ്ങള്‍ പറയുന്നത്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ഒരു സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ആ സിനിമ സൂപ്പര്‍ഹിറ്റാകുമെന്ന് താന്‍ കരുതിയെന്നും എന്നാല്‍ മലയാളത്തിലെ ഒരു പ്രമുഖ തിരക്കഥാകൃത്തിനെ കൊണ്ട് കൂടി അത് വായിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ അഭിപ്രായത്തെ കുറിച്ചും സണ്ണി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
ഒരു സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് അത് താന്‍ ചെയ്താല്‍ നന്നാകുമെന്ന് തിരിച്ചറിയുക എന്ന ചോദ്യത്തിനായിരുന്നു താരങ്ങളുടെ മറുപടി.
‘ സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുക എന്നത് ഒരു തരത്തില്‍ ഭാഗ്യപരീക്ഷണമാണെന്ന് പറയാം. കാരണം ഒരു സ്‌ക്രിപ്റ്റ് വായിച്ചു കഴിഞ്ഞാല്‍ നമുക്കൊരിക്കലും ഇതെനിക്ക് വര്‍ക്കാവുമെന്നോ ഇത് അടിപൊളി പടമായിരിക്കുമെന്നോ ഒരിക്കലും പറയാന്‍ സാധിക്കില്ല,’ എന്നായിരുന്നു ഷെയ്ന്‍ പറഞ്ഞത്.
എന്നാല്‍ ഒരു സ്‌ക്രിപ്റ്റ് വായിച്ച് അടിപൊളിയാണെന്ന് കരുതി രണ്ട് മൂന്ന് പേര്‍ക്ക് വായിക്കാന്‍ കൊടുത്തപ്പോള്‍ പൊട്ട സ്‌ക്രിപ്റ്റാണെന്നായിരുന്നു അവരില്‍ നിന്നും തനിക്ക് കിട്ടിയ അഭിപ്രായമെന്നായിരുന്നു സണ്ണി ഇതോടൊപ്പം പറഞ്ഞത്.
‘ ഒരു സ്‌ക്രിപ്റ്റ് വായിച്ച് അങ്ങനെ വിചാരിച്ച് ഞാന്‍ രണ്ട് മൂന്ന് പേര്‍ക്ക് വായിക്കാന്‍ കൊടുത്തു. പൊട്ട സ്‌ക്രിപ്റ്റാണെന്ന് അവര്‍ പറഞ്ഞു. നമ്മള്‍ ഇത് വലിയ പ്രതീക്ഷയോടെ വായിക്കാന്‍ കൊടുത്തതാണ്. ഇത് വലിയ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരിക്കുമൊക്കെ വിചാരിച്ച് ഒരാള്‍ക്ക് വായിക്കാന്‍ കൊടുത്തു. അദ്ദേഹം അത് തൊടേണ്ടെന്ന് പറഞ്ഞു. മലയാളത്തിലെ പ്രധാനപ്പെട്ട ഒരു എഴുത്തുകാരനാണ്, സണ്ണി പറഞ്ഞു.
തനിക്ക് വരുന്ന സ്‌ക്രിപ്റ്റുകള്‍ താന്‍ തന്നെയാണ് വായിക്കുന്നതെന്നും എല്ലാവര്‍ക്കും എല്ലാ ടേസ്റ്റും വര്‍ക്കാവണമെന്നില്ലെന്നുമായിരുന്നു ഷെയ്‌ന്റെ മറുപടി.
ഉള്ളില്‍ ഒരു കണക്ട് കിട്ടാതെ ചെയ്യാന്‍ സാധിക്കില്ല. വേലയുടെ കഥ മൂന്ന് വര്‍ഷം മുന്‍പാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ ചെയ്യില്ല. ഈ മൈന്‍ഡ് സെറ്റ് മനസിലാകണമല്ലോ. ഒരു മൂന്ന് കൊല്ലം കഴിയുമ്പോള്‍ ഞാന്‍ വേറെ ടൈപ്പ് പടങ്ങള്‍ ചെയ്യുമായിരിക്കും. വിവാഹം, കുട്ടികള്‍ പോലുള്ള കാര്യങ്ങള്‍ നമുക്ക് മനസിലാവണ്ടേ. അല്ലാതെ നമ്മള്‍ എങ്ങനെ അഭിനയിക്കും. മറ്റുള്ളവര്‍ക്ക് അത് മനസിലാവാം മനസിലാവാതിരിക്കാം. എന്‍ഡ് ഓഫ് ദി ഡേ നമ്മള്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടത്. നമുക്ക് തന്നെ അത് ഉള്‍ക്കൊള്ളാന്‍ പറ്റണം, താരങ്ങള്‍ പറഞ്ഞു.
വേലയില്‍ ഉല്ലാസ് പറയുന്ന ഒരു ഡയലോഗുണ്ട്. നമ്മുടെ ജോലി സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയെും ചെയ്യാന്‍ പറ്റണമെന്നാണ് അത്. ഈ പ്രൊഫഷനില്‍ അത് എത്രത്തോളം സാധിക്കുന്നെന്ന ചോദ്യത്തിന് നൂറ് ശതമാനം സാധിക്കുന്നുണ്ടെന്നായിരുന്നു ഷെയ്‌ന്റെ മറുപടി.
സ്വാതന്ത്ര്യത്തോടെയും മനസമാധാനത്തോടെയും ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ കഴിയുന്നുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു.
ഇതേ അഭിപ്രായം തന്നെയായിരുന്നു സണ്ണിയും പങ്കുവെച്ചത്. ‘നമുക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. വിചാരിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുന്നുണ്ട്. സന്തോഷത്തോടെ തന്നെയാണ് കരിയര്‍ പോകുന്നത്,’ സണ്ണി പറഞ്ഞു.
Content Highlight: Sunny Wayne about a script he read and his expectation