കോഴിക്കോട്: ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നതില്‍ തികഞ്ഞ ആഹ്ലാദമുണ്ടെന്ന് ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാട്
ബിന്ദുവും ദുര്‍ഗയും അവിടെ പ്രവേശിച്ചു എന്നത് കേരളത്തിലെ പ്രധാനപ്പെട്ട മുന്നേറ്റമായി തന്നെ നമ്മള്‍ വിലയിരുത്തേണ്ടതുണ്ടെന്നും സണ്ണി എം. കപിക്കാട് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
ദീര്‍ഘകാലമായി തടഞ്ഞുവെച്ചിരുന്ന സുപ്രീം കോടതി വിധി നടപ്പിലാക്കപ്പെട്ടു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിന് ധീരത കാണിച്ച ബിന്ദുവിനേയും കനകദുര്‍ഗയേയും കേരളത്തിലെ ജനത ഒന്നടങ്കം അഭിവാദ്യം ചെയ്യണമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
“”ശബരിമലയില്‍ പ്രവേശിച്ചു എന്നതിന്റെ മറവില്‍ അവര്‍ക്കെതിരെ സംഘപരിവാര ശക്തികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടേക്കാമെന്ന് ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് നിന്ന് അവരെ സംരക്ഷിക്കാന്‍ തയ്യാറാകണം.
അങ്ങനെയാണ് നമ്മള്‍ക്ക് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിയുക.
അവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം വന്നാല്‍ ശക്തമായി നേരിടാനും ഇവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അത് നമ്മള്‍ ഏറ്റെടുക്കണം എന്നാണ് പറയാനുള്ളത്. എന്തുകൊണ്ട് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചുകൂടാ എന്ന ചോദ്യത്തിന് തന്ത്ര വിധിപ്രകാരം അത് സാധ്യമല്ല എന്നായിരുന്നു മുന്‍പ് തന്ത്രി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ അവിടെ പ്രവേശിച്ച സ്ഥിതിക്ക് തന്ത്രവിധിയോട് തന്ത്രിക്ക് എന്തെങ്കിലും വിശ്വാസമുണ്ടെങ്കില്‍ അയാള്‍ ഈ നിമിഷം അവിടുത്തെ പടിയിറങ്ങുകയാണ് വേണ്ടത്.
തന്ത്രവിധിയോട് എന്തെങ്കിലും കൂറുണ്ടെങ്കില്‍ ഇനി ഞാന്‍ മേലാല്‍ ശബരിമലയിലേക്ക് വരില്ല എന്നാണ് അയാള്‍ പ്രഖ്യാപിക്കേണ്ടത്.
ഞങ്ങള്‍ അവിടെ ശുദ്ധികലശം നടത്തുമെന്നാണ് രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചത്. ഇത് അയിത്താചരണമാണ്. അയാളെ അടിയന്തരമായി അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. സ്ത്രീകള്‍ കയറിയാല്‍ ശുദ്ധികലശം നടത്തും എന്ന് പറയുന്നത് അയിത്താചരണമാണ്. ഇത് കേരളം അനുവദിച്ചുകൊടുക്കാന്‍ പാടില്ല. പറഞ്ഞ ആള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം.
ഇത് അയിത്തതിന്റ മറ്റൊരു രൂപമാണെന്ന് സുപ്രീം കോടതി വിധിയില്‍ തന്നെ പറയുന്നുണ്ട്. എന്നിട്ടാണ് ഇത്തരം കാര്യങ്ങള്‍ വിളിച്ചു പറയുന്നത്. ഈ പറഞ്ഞയാള്‍ക്കെതിരെ സാധ്യമായ നിയമ നടപടിയെടുക്കണം. ഇനി ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കേരളത്തിന് കഴിയണം.
വളരെ വിജയകരമായി വനിതാ മതില്‍ നടന്നതിന്റെ ഊര്‍ജവും അന്തസുമാണ് യുവതികള്‍ക്ക് അവിടെ പ്രവേശിക്കാന്‍ കഴിഞ്ഞത്. അതിന്റെ ബലത്തിലാണ് സര്‍ക്കാര്‍ അതിന് തയ്യാറായത് എന്ന് ഞാന്‍ മനസിലാക്കിയത്. അതിനെതിരെ ശുദ്ധികലശം നടത്തും എന്ന് അവര്‍ പറയുന്നത് ഞങ്ങള്‍ ഇനിയും അവിടെ തുടരുമെന്ന് അവര്‍ ഉറപ്പിക്കുകയാണ്. അതാണ് അതിന്റെ അര്‍ത്ഥം. നടപടിയെടുക്കുക തന്നെ വേണം.
ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കാന്‍ ആര്‍ജവം കാണിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ച്ചയായും ആദരവ് അര്‍ഹിക്കുന്നു. മുഖ്യമന്ത്രിയുടെ ഇടപെടല്‍ അതില്‍ ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കിയത്.
ഇനി സ്ത്രീകള്‍ വന്നാല്‍ നേരത്തെ ഉണ്ടായിരുന്ന പൊലീസ് ഇടപെടലുകള്‍ പരിഹരിച്ച് യുവതികളെ പ്രവേശിപ്പിക്കുമെന്ന അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചു. ആ മുഖ്യമന്ത്രിയെ അഭിനന്ദിക്കുക കൂടി ചെയ്യുന്നു””- സണ്ണി എം. കപിക്കാട് പറഞ്ഞു.