ഇവന്‍ കൊല്‍ക്കത്തയുടെ ഡബിള്‍ ബാരല്‍ ഗണ്‍ ആണ്; മിന്നും നേട്ടത്തില്‍ ഗംഭീറിന്റെ വിശ്വസ്ഥന്‍
Sports News
ഇവന്‍ കൊല്‍ക്കത്തയുടെ ഡബിള്‍ ബാരല്‍ ഗണ്‍ ആണ്; മിന്നും നേട്ടത്തില്‍ ഗംഭീറിന്റെ വിശ്വസ്ഥന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th May 2024, 3:24 pm

എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 98 റണ്‍സിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ലഖ്നൗ 16.1 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

സുനില്‍ നരെയ്ന്‍ കാഴ്ചവച്ച മിന്നും പ്രകടനത്തിലാണ് കൊല്‍ക്കത്ത വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. 39 പന്തില്‍ നിന്ന് 7 സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സ് ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 207.69 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു നരെയ്ന്‍ ബൗളര്‍മാരെ അടിച്ചിട്ടത്.


ബാറ്റുകൊണ്ട് മാത്രമല്ല പന്ത് കൊണ്ടും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.

കൊല്‍ക്കത്തയെ വിജയത്തില്‍ എത്തിച്ച സുനില്‍ തന്നെയായിരുന്നു കളിയിലെ താരവും. ഇതിനു പുറകെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. കൊല്‍ക്കത്തക്ക് വേണ്ടി 2024 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരവുമാകാനാണ് നരെയ്‌ന് സാധിച്ചത്.

11 മത്സരങ്ങളില്‍ നിന്ന് 41.90 ശരാശരിയില്‍ 461റണ്‍സുമായി റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതാണ് താരം. 14 വിക്കറ്റും കൊല്‍ക്കത്തക്ക് വേണ്ടി താരം നേടി. ഓള്‍ റൗണ്ടര്‍ പൊസിഷനില്‍ ഏറ്റവും കൂടുതല്‍ മികവ് പുലര്‍ത്തുന്ന താരവും നരെയ്ന്‍ തന്നെയാണ്.

മത്സരത്തില്‍ വിജയിച്ചതോടെ ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ വമ്പന്‍ കുതിപ്പാണ് കൊല്‍ക്കത്ത നടത്തിയത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ 16 പോയിന്റ് സ്വന്തമാക്കി ഒന്നാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ് കൊല്‍ക്കത്ത. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു കൊല്‍ക്കത്ത വിജയക്കുതിപ്പ് നടത്തിയത്. രാജസ്ഥാനും നിലവില്‍ 16 പോയിന്റാണ് ഉള്ളത്.

 

Content Highlight: Sunil Narine In Record Achievement