ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സെക്ഷനിലെ മൂന്നാം ദിനത്തില്‍ ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍ മഴ വീണ്ടും മത്സരത്തിന്റെ രസംകൊല്ലിയായി അവതരിച്ചു. നിലവില്‍ മത്സരം പുനരാരംഭിച്ചപ്പോള്‍ 17 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് ഇന്ത്യ നേടിയത്.
നിര്‍ണായക മത്സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ (16 പന്തില്‍ 3) പുറത്താക്കി ഹേസല്‍വുഡ് മികച്ച പ്രകടനമായിരുന്നു നടത്തിയത്. നിര്‍ണായക മത്സരത്തില്‍ സ്റ്റാര്‍ ബാറ്ററെ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കയ്യിലെത്തിച്ചാണ് വുഡ് മടക്കിയയച്ചത്. ഓഫ് സൈഡില്‍ വന്ന മകച്ച ഡെലിവറിയില്‍ സൈഡ് എഡ് ആയാണ് താരം പുറത്ത് പോയത്.
ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. വിരാടിന് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇനിയും സയമുണ്ടെന്നും പന്ത് ലീവ് ചെയ്തിരുന്നെങ്കില്‍ വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വരില്ലായിരുന്നെന്നും ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല വിരാട് ഓസ്‌ട്രേലിയയില്‍ നടത്തിയ ഗംഭീര പ്രകടനങ്ങളുടെ വീഡിയോകള്‍ കാണണമെന്നും അതില്‍ നിന്ന് പ്രചോദനം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
‘ഈ ടെസ്റ്റ് മത്സരത്തില്‍ മറ്റൊരു ഇന്നിങ്‌സ് കൂടി ബാക്കിയുണ്ട്, മാത്രമല്ല നിങ്ങള്‍ക്ക് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൂടി വരാനുണ്ട്. വിരാടിന് റണ്‍സ് എടുക്കാന്‍ വേണ്ടത്ര സമയമുണ്ട്. വളരെ മികച്ച മൂന്ന് ഡെലിവറികളിലാണ് അവന്‍ പുറത്തായത്. ഇത് ബ്രിസ്‌ബേനിലെ നാലാമത്തെ നോ-ഷോ ആയിരുന്നു. ആ ഡെലിവറി ഉപേക്ഷിക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു. അദ്ദേഹത്തിന് അത് എളുപ്പത്തില്‍ ചെയ്യാമായിരുന്നു,
സച്ചിനും സമാനമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു, സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റില്‍ ഓഫ്-സൈഡ് മറക്കാന്‍ അദ്ദേഹം തീരുമാനിച്ചു. വിജയവും ഇരട്ട സെഞ്ച്വറിയും നേടി. ഓസ്ട്രേലിയയില്‍ വിരാട് തന്റെ മികച്ച പ്രകടനങ്ങളുടെ വീഡിയോകള്‍ കാണണമെന്നും അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും എനിക്ക് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് 9000 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം മാറേണ്ടതുണ്ട്,’അദ്ദേഹം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇന്നിങ്‌സിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സ്‌ട്രൈക്കില്‍ യശസ്വി ജെയ്‌സ്വാള്‍ മിച്ചല്‍ മാര്‍ഷിന്റെ കയ്യില്‍ എത്തി പുറത്താകുകയായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ജെയ്‌സ്വാളിനെ പൂജ്യം റണ്‍സിനാണ് സ്റ്റാര്‍ക്ക് പറഞ്ഞയച്ചത്.
ജെയ്‌സ്വാളിന് പുറമെ വണ്‍ ഡൗണ്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്ലും (3 പന്തില്‍ 1) സ്റ്റാര്‍ക്കിന്റെ കൈകൊണ്ടാണ് കൂടാരം കയറിയത്. പിന്നീട് ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒമ്പത് റണ്‍സിനാണ് പുറത്താക്കിയത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസില്‍ തുടരുന്നത് 52 പന്തില്‍ 30 റണ്‍സുമായി കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ്.
Content Highlight: Sunil Gavaskar Talking About Virat Kohli