ഐ.സി.സിയുടെ പക്ഷാപാതപരമായ തീരുമാനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ക്രിക്കറ്റ് ലെജന്‍ഡും ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോയുമായ സുനില്‍ ഗവാസ്‌കര്‍.
ഇന്ത്യ – ഓസ്‌ട്രേലിയ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരം നടന്ന പിച്ചിന് ഐ.സി.സി ഡീമെറിറ്റ് പോയിന്റ് നല്‍കിയതോടെയാണ് ഗവാസ്‌കര്‍ രംഗത്തെത്തിയത്.
മൂന്നാം മത്സരം നടന്ന ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റാണ് ഐ.സി.സി നല്‍കിയത്.
ഇതിന് പിന്നാലെ ഇന്‍ഡോറിലെ പിച്ചിന് ഡീമെറിറ്റ് പോയിന്റ് നല്‍കിയ ഐ.സി.സിയെ കഴിഞ്ഞ ഡിസംബറില്‍ ഓസീസ് സൗത്ത് ആഫ്രിക്കയെ ഗാബയില്‍ വെച്ച് നേരിട്ടപ്പോള്‍ കണ്ടില്ലല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഗാബയില്‍ വെച്ച് നടന്ന ടെസ്റ്റ് വെറും ഒന്നര ദിവസം കൊണ്ടായിരുന്നു അവസാനിച്ചത്.
‘ഗാബയില്‍ വെച്ച് നടന്ന ഒരു ടെസ്റ്റ് രണ്ട് ദിവസമായിരുന്നു നീണ്ടുനിന്നത്. ആ പിച്ചിന് എത്ര ഡീമെറിറ്റ് പോയിന്റാണ് ലഭിച്ചത്? ആരായിരുന്നു ആ മത്സരത്തിന്റെ മാച്ച് റഫറി?’ ഗവാസ്‌കര്‍ ചോദിച്ചു.
ഇന്‍ഡോറിലെ പിച്ച് ബാറ്റിങ്ങില്‍ അത്രത്തോളം അപകടരകമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
‘അപകടകരമല്ലാത്ത ഒരു പിച്ചിന് മൂന്ന് ഡീമെറിറ്റ് പോയിന്റ് നല്‍കുന്നത് അല്‍പം പരുഷമായ തീരുമാനമാണ്. ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് നേടിയതാണ്. പിച്ച് മെച്ചപ്പെട്ടതാവുകയാണെന്നാണ് അത് കാണിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ഈ ടെസ്റ്റ് വിജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിക്കാനും ഓസീസിനായി.