Sports News
സെഞ്ച്വറിയുടെ എണ്ണത്തില്‍ വിരാട് സച്ചിന്റെ റെക്കോഡ് തകര്‍ക്കുമോ? അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റില്ലെന്ന് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 17, 01:56 pm
Tuesday, 17th January 2023, 7:26 pm

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ വിരാട് ഫോം വീണ്ടെടുത്തത് ഇന്ത്യന്‍ ടീമിനുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല.

അവസാനം കളിച്ച നാല് ഇന്നിങ്‌സുകളില്‍ നിന്നും മൂന്ന് സെഞ്ച്വറിയാണ് നേടിയത്. 2023ലെ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയ വിരാടിന്‍ നിന്നും ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

ഓരോ തവണ സെഞ്ച്വറി നേടുമ്പോഴും പല റെക്കോഡുകളാണ് വിരാടിന് മുമ്പില്‍ വീണുടയുന്നത്. പല റെക്കോഡുകളിലേക്ക് ഒരു ചുവട് കൂടി വെക്കാനും വിരാടിനെ ഈ സെഞ്ച്വറികള്‍ സഹായിക്കുന്നുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് മറികടക്കാന്‍ നിലവില്‍ സാധ്യത കല്‍പിക്കുന്നത് വിരാടിന് മാത്രമാണ്. ഇതിനോടകം തന്നെ 74 സെഞ്ച്വറി നേടിയ വിരാടിന് 26 സെഞ്ച്വറി കൂടി നേടാന്‍ സാധിച്ചാല്‍ സച്ചിനൊപ്പമെത്താം.

എന്നാല്‍ സച്ചിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോഡിനൊപ്പമെത്താന്‍ വിരാടിന് ഇനി മൂന്ന് സെഞ്ച്വറികളുടെ മാത്രം ദൂരമാണുള്ളത്. നിലവില്‍ 46 ഏകദിന സെഞ്ച്വറികളാണ് വിരാടിന്റെ പേരിലുള്ളത്.

2023 ഐ.പി.എല്ലിന് മുമ്പ് തന്നെ വിരാടിന് സച്ചിനൊപ്പമെത്താനും ഒരുപക്ഷേ സച്ചിന്റെ റെക്കോഡ് മറികടക്കാനും സാധിക്കുമെന്ന് നിരീക്ഷിക്കുകയാണ് മുന്‍ സൂപ്പര്‍ താരവും ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ സുനില്‍ ഗവാസ്‌കര്‍.

സ്‌പോര്‍ട്‌സ് തക്കിലെ അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവന്റെ ഫോം, അവന്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്ന രീതി… നമുക്ക് ഇനി മൂന്ന് മത്സരങ്ങള്‍ ന്യൂസിലാന്‍ഡിനെതിരെയും മൂന്നെണ്ണം ഓസീസിനെതിരെയും കളിക്കാനുണ്ട്. അതായത് ഐ.പി.എല്ലിന് മുമ്പ് ആറ് മത്സരങ്ങള്‍.

 

അവന് ഇനി വേണ്ടത് മൂന്ന് സെഞ്ച്വറി മാത്രം. അവന്റെ ബാറ്റിങ് കണ്ടാല്‍ ഐപി.എല്ലിന് മുമ്പ് തന്നെ ആ മൂന്ന് സെഞ്ച്വറികള്‍ പിറക്കുമെന്ന് വിചാരിക്കുന്നതില്‍ എന്താണ് തെറ്റ്,’ ഗവാസ്‌കര്‍ പറഞ്ഞു.

ജനുവരി 18നാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ജനുവരി 21ന് പരമ്പരയിലെ രണ്ടാം മത്സരവും ജനുവരി 24ന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ വെച്ച് മൂന്നാം മത്സരവും നടക്കും.

 

Content Highlight: Sunil Gavaskar about Virat Kohli breaking Sachin’s record