ദേശീയ ടീമിനായി ഏറ്റവും ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന കളിക്കാരുടെ പട്ടികയില്‍ സുനില്‍ഛേത്രി മെസ്സിക്കൊപ്പം. കെനിയക്കെതിരായ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണിത്. മത്സരം ഇപ്പോഴും പുരോഗമിക്കുകയാണ്. മത്സരത്തില്‍ ഹാട്രിക് നേടിയാല്‍ ഛേത്രിക്ക് മെസ്സിയെ മറികടക്കാനാവും.
ഛേത്രിക്കും മെസ്സിക്കും ഇപ്പോള്‍ 64 ഗോളുകളാണുള്ളത്. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയാണ് ഇരുവര്‍ക്കും മുന്നിലുള്ളത്. ക്രിസ്റ്റിയാനോയുടെ പേരില്‍ 81 ഗോളുകളാണുള്ളത്.
ഇന്നത്തെ കളിയില്‍ 7ാം മിനുട്ടിലും 28ാം മിനുട്ടിലുമാണ് ഛേത്രിയുടെ ഗോളുകള്‍. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മികച്ച ഫോമിലാണ് ഛേത്രികളിക്കുന്നത്. മൂന്നു മത്സരങ്ങളിലായി അദ്ദേഹം ആറുഗോളുകള്‍ നേടിയിട്ടുണ്ട്. ചൈനീസ് തായ്‌പേയ്‌ക്കെതിരായ മത്സരത്തില്‍ ഛേത്രി ഹാട്രിക് നേടിയിരുന്നു.
34 കാരനായ ഛേത്രിയാണ് നിലവില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും ഗോളുകളടിച്ചതും. ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 19ാം സ്ഥാനത്താണ് ഛേത്രി. പട്ടികയില്‍ ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസ്സി 18ാം സ്ഥാനത്തുമാണ്. ഇറാന്റെ അലി ദേയിയാണ് ഒന്നാമത്.