Entertainment
ബിലാല്‍ സംഭവിച്ചാല്‍ ഞാനും അതില്‍ ഭാഗമാകും; ബിഗ് ബി എനിക്ക് സന്തോഷം നല്‍കിയ സിനിമ: സുമിത് നവല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 07, 03:00 pm
Monday, 7th April 2025, 8:30 pm

ബിഗ് ബി എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സുമിത് നവല്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ അനിയനായ ബിജോയ് ജോണ്‍ കുരിശിങ്കല്‍ എന്ന വേഷത്തിലാണ് സുമിത് എത്തിയത്.

ബിഗ് ബിയിലൂടെ സിനിമയില്‍ എത്തിയ സുമിത് സീനീയേഴ്സ്, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, സി.ഐ.എ എന്നീ ചിത്രങ്ങളുടെയും ഭാഗമായിരുന്നു. ഇപ്പോള്‍ ബിഗ് ബിയുടെ അടുത്ത ഭാഗമായ ബിലാലിനെ കുറിച്ച് പറയുകയാണ് സുമിത് നവല്‍.

ബിഗ് ബിയുടെ ഭാഗമായതില്‍ ഒരുപാട് സന്തോഷിക്കുന്ന ആളാണ് താനെന്നും ബിലാല്‍ സംഭവിക്കുകയാണെങ്കില്‍ അഭിനേതാവായിട്ടല്ലെങ്കില്‍ പോലും താന്‍ ആ സിനിമയുടെ ഭാഗമാകുമെന്നും നടന്‍ പറയുന്നു. ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുമിത് നവല്‍.

ബിഗ് ബി എന്ന സിനിമയുടെ ഭാഗമായതില്‍ ഒരുപാട് സന്തോഷിക്കുന്ന ആളാണ് ഞാന്‍. ബിലാല്‍ എന്ന സിനിമ നടക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആ സിനിമയുടെ ഭാഗമാകുമെന്ന് ഉറപ്പാണ്.

ഒരു അഭിനേതാവായി ബിലാലിന്റെ ഭാഗമാകാന്‍ പറ്റിയില്ലെങ്കിലും ആ ക്രൂവിനൊപ്പം നില്‍ക്കാനും അവരെ കാണാനും ഞാന്‍ ഉണ്ടാകും. അങ്ങനെ ആ ക്രൂവിനൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍,’ സുമിത് നവല്‍ പറയുന്നു.

ഇപ്പോള്‍ മമ്മൂട്ടി നായകനായി വിഷു റിലീസായി എത്തുന്ന ബസൂക്കയിലും സുമിത് ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. 18 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയുമായി സുമിത് ഒന്നിക്കുന്ന ചിത്രമാണ് ബസൂക്ക. ആ ചിത്രത്തെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിച്ചു.

‘എനിക്ക് ബസൂക്കയിലേക്ക് കോള്‍ വന്നപ്പോള്‍ ഞാന്‍ സൂപ്പര്‍ എക്‌സൈറ്റഡായിരുന്നു. മമ്മൂക്കയുടെ കൂടെ വീണ്ടും വര്‍ക്ക് ചെയ്യാന്‍ വീണ്ടും അവസരം കിട്ടുകയല്ലേ.

ബസൂക്കയുടെ കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമാകുകയും ചെയ്തു. മമ്മൂക്കയും ഒപ്പം നല്ലൊരു കഥയും എനിക്ക് കിട്ടി. അപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

ഞാന്‍ നല്ലൊരു കഥാപാത്രത്തിന് വേണ്ടി തന്നെയായിരുന്നു കാത്തിരുന്നത്. പക്ഷെ മമ്മൂക്ക ഉള്ള സിനിമയാണെങ്കില്‍ ഒരു സിംഗിള്‍ ഷോട്ടിലേക്ക് വിളിച്ചാല്‍ പോലും ഞാന്‍ പോയി അഭിനയിക്കും,’ സുമിത് നവല്‍ പറയുന്നു.


Content Highlight: Sumit Naval Talks About Bilal Movie