തിരുവനന്തപുരം: തൃപൂണിത്തുറയിലെ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യ സംഭവത്തില്‍ മിഹിര്‍ പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഇതുവരെ എന്‍.ഒ.സി ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സി.ബി.സി.ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എന്‍. ഒ.സി ആവശ്യമാണെന്നും എന്നാല്‍ അവര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എന്‍.ഒ.സി ഹാജരാക്കാന്‍ രണ്ടാഴ്ചക്കാലം സമയം നല്‍കിയിട്ടുണ്ടെന്നും ഹാജരാക്കിയില്ലെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസ് പ്രവേശനത്തിന് ഇന്റര്‍വ്യൂവും എന്‍ട്രന്‍സും നടത്തുന്നതിനുള്ള പരാതിയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രക്ഷകര്‍ത്താക്കളെയടക്കം ഇന്റര്‍വ്യൂ നടത്തുന്ന പ്രവണത വര്‍ധിച്ചുവന്നിരിക്കുകയാണെന്നും ഇത് ബാലപീഡനമാണെന്നും മന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ സൗജന്യവിദ്യാഭ്യാസം അനുവദിച്ച നാടാണിതെന്നും പല തരത്തലുള്ള ഫീസുകള്‍ ആഘോഷങ്ങള്‍ക്കും മറ്റും പിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എസ്.എസ്.എല്‍സി പരീക്ഷ ആരംഭിക്കാത്ത സാഹചര്യത്തില്‍ പോലും പല സ്‌കൂളുകളിലും പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ബുക്കിങ്ങുകള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഒരു തരത്തിലുള്ള വിദ്യാഭ്യാസ കച്ചവടവും ഗവണ്‍മെന്റ് അനുവദിക്കില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങളും ഉത്തരവുകളും അനുസരിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുന്നതാണെന്നും മന്ത്രി പറഞ്ഞു.
ജനുവരി 15നാണ് ഫ്‌ലാറ്റിലെ ഇരുപത്തിയാറാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥി ചാടി മരിച്ചത്. തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍-രചന ദമ്പതികളുടെ മകനാണ് മിഹിര്‍.
മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം മാറ്റിയത്. ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഹിര്‍. തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയില്‍ ഹില്‍പാലസ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
Content Highlight: Suicide of Mihir Ahmed; Global Public School has no NOC; Education Minister