കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ശുഹൈബ് കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു മാതാപിതാക്കള്‍ കോടതിയില്‍. ശുഹൈബിന്റെ പിതാവ് സി.മുഹമ്മദ് സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഫയല്‍ ചെയ്തു.
നിലവിലെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇല്ലാതാകും മുന്‍പു കേസ് അടിയന്തരമായി സി.ബി.ഐ അന്വേഷണത്തിന് നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ശുഹൈബ് വധക്കേസ് പ്രതികള്‍ക്കു സി.പി.ഐ.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതുകൊണ്ടു തന്നെ സത്യം പുറത്തുകൊണ്ടുവരാനായി സി.ബി.ഐ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ട് നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഇവരുടെ ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഒന്നരമാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 12 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ 11 പേര്‍ അറസ്റ്റിലായി. കൂടുതല്‍ പ്രതികളുണ്ടെന്ന് ആദ്യഘട്ടത്തില്‍ പൊലീസ് പറഞ്ഞിരുന്നു.