അദ്ദേഹത്തിന്റെ ബ്രിഗേഡുകളില്‍ സവര്‍ക്കര്‍ ബ്രിഗേഡോ, ഗോള്‍വള്‍ക്കര്‍ റെജിമെന്റോ ശിവജി റെജിമെന്റോ ഉണ്ടായിരുന്നില്ല. ഗാന്ധി, നെഹ്റു, ആസാദ്, സുഭാഷ് എന്നിവയായിരുന്നു ആ ബ്രിഗേഡുകള്‍
നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ പൊതുഭാവനയില്‍ എല്ലായ്‌പ്പോഴും അനശ്വരനായ വീരനായകനായിരുന്നു. മറ്റു പല നേതാക്കളെയും പോലെ അദ്ദേഹം വിസ്മൃതിയിലേക്ക് ആണ്ടുപോയില്ല. അദ്ദേഹത്തിന്റെ ജീവിതവും, സമരവും, മരണവും എല്ലാം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.
അപാരവും, നിര്‍ഭയവും, സാഹസികവുമായ ദേശസ്‌നേഹത്തിന് ഇന്ത്യന്‍ മനസ്സില്‍ ഒരു ചേതോഹര രൂപമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നേതാജി തന്നെയായിരിക്കും.
ലക്ഷ്യം നേടാന്‍ അദ്ദേഹം സ്വീകരിച്ച പാതയെക്കുറിച്ചും, അതിന്റെ പ്രായോഗികതയെക്കുറിച്ചും, ഫാസിസ്റ്റുകളെ പിന്തുണച്ചതിനെക്കുറിച്ചും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും, അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ആന്തരികവികാരം സ്വരാജ് എത്രയും പെട്ടെന്ന് നേടണമെന്ന ഒരൊറ്റ ചിന്തയായിരുന്നു. അതുകൊണ്ടുതന്നെ നേതാജിയുടെ ദുരൂഹമരണം എല്ലാ ദേശിയനേതാക്കള്‍ക്കും ഇന്ത്യന്‍ ജനതക്കും തീരാവേദന ആയിരുന്നു.
സുഭാഷ് ചന്ദ്ര ബോസ്
നേതാജിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എന്നെ ദുഃഖിപ്പിക്കാറുള്ള രണ്ടു കാര്യങ്ങളില്‍ ഒന്ന്, ഗാന്ധിജിയും നെഹ്‌റുവും അടങ്ങുന്ന നേതാക്കളെ പ്രതിനായകരാക്കി മാറ്റിക്കൊണ്ടുള്ള നരേറ്റീവ് കൃത്യമായ ഇടവേളകളില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്നതാണ്.
നെഹ്റു ക്ലെമന്റ് ആറ്റ്‌ലിക്ക് അയച്ചുവെന്ന് പറയപ്പെടുന്ന ഇല്ലാത്ത കത്തില്‍ അദ്ദേഹം നേതാജിയെ ‘വാര്‍ ക്രിമിനല്‍’ എന്ന് വിളിച്ചതായിപ്പോലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
പക്ഷെ എന്താണ് വാസ്തവം? അഹിംസയില്‍ ഊന്നിയ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയമായ ഫലപ്രാപ്തിയില്‍ ഉള്ള വളരെ നേരിയ അഭിപ്രായവ്യത്യാസങ്ങള്‍ക്കും, ഹിറ്റ്‌ലറോടും മുസ്സോളിനിയോടുമുള്ള അഭിമുഖ്യത്തിനോടുള്ള എതിര്‍പ്പിനും അപ്പുറം പരസ്പരസ്‌നേഹത്തിന്റെയും ആദരവിന്റെയും അനുപമമായ നൂലുകള്‍ കൊണ്ട് നെയ്ത സാഹോദര്യം നേതാജിയുമായി ഗാന്ധിജിക്കും നെഹ്‌റുവിനും ഉണ്ടായിരുന്നു.
നേതാജിയും, ഗാന്ധിജിയും നെഹ്‌റുവും ജിന്നയും ഒക്കെ പരസ്പരം അയച്ച കത്തുകള്‍ വായിച്ചാല്‍ തന്നെ അത് വളരെ വ്യക്തമാണ്. സുഗതാ ബോസിന്റെ പുസ്തകത്തിലും (Subhash Chandra Bose: Speeches, Articles and Letters) രുദ്രാംശു മുഖര്‍ജിയുടെ പുസ്തകത്തിലും (Nehru and Bose: Parallel Lives) ഒക്കെ കൃത്യമായി ഇതൊക്കെ അടയാളപ്പെടുത്തിയിട്ടുണ്ട്.
സുഗതാ ബോസിന്റെയും രുദ്രാംശു മുഖര്‍ജിയുടെയും പുസ്തകങ്ങളുടെ കവര്‍ ചിത്രം
നെഹ്റു ക്ലമന്റ് ആറ്റ്‌ലിക്ക് കത്തയച്ചു എന്ന് പറയപ്പെടുന്ന അതേ കാലത്ത് അദ്ദേഹം ഐ.എന്‍.എ നേതാക്കളുടെ വിചാരണയില്‍ അവര്‍ക്കു വേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസ് രൂപീകരിച്ച ഐ.എന്‍.എ ഡിഫന്‍സ് കമ്മിറ്റിയിലെ സുപ്രധാന അംഗം ആയിരുന്നു.
ഐ.എന്‍.എ ട്രയലില്‍ വാദിക്കാന്‍ വേണ്ടി മാത്രമായിരുന്നു, 25 കൊല്ലങ്ങള്‍ക്ക് ശേഷം ജവഹര്‍ലാല്‍ നെഹ്‌റു വക്കീല്‍ വേഷമിട്ട് കോടതിയില്‍ കയറിയത്. ഭുലാഭായ് ദേശായി, ആസഫ് അലി, തേജ് ബഹദൂര്‍ സപ്രു, ഹോരിലാല്‍ വര്‍മ തുടങ്ങിയ പ്രഗത്ഭര്‍ അടങ്ങുന്ന നിരയാണ് ഈ കമ്മിറ്റിയിലെ അംഗങ്ങള്‍ ആയി ഐ.എന്‍.എ നേതാക്കള്‍ക്ക് വേണ്ടി കോടതിയില്‍ അണിനിരന്നത് എന്നോര്‍ക്കണം. അല്ലാതെ ഹിന്ദു മഹാസഭയുടെ നേതാക്കള്‍ ആയിരുന്നില്ല.
മാത്രമല്ല, 1945 നവംബര്‍ 12ന് ഐ.എന്‍.എ ദിനം രാജ്യവ്യാപകമായി ആചരിച്ചപ്പോള്‍, ഏറ്റവും ഗംഭീരമായ സമ്മേളനം നടന്നത് കല്‍ക്കത്തയിലെ ദേശപ്രിയ പാര്‍ക്കില്‍ ആയിരുന്നു.
കോണ്‍ഗ്രസും ഐ.എന്‍.എ റിലീഫ് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച ആ പരിപാടിയില്‍ നേതാജിയുടെ സഹോദരന്‍ ശരത്‌ബോസും നെഹ്‌റുവും സര്‍ദാര്‍ പട്ടേലും അന്ന് അവിടെ അണിനിരന്ന ലക്ഷക്കണക്കിന് ജനങ്ങളെ അഭിമുഖീകരിച്ച് വൈകാരികമായി സംസാരിച്ചു.
പ്രധാനമന്ത്രി ആയ ശേഷം ചെങ്കോട്ടയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലും നെഹ്റു ഗാന്ധിജിയോടൊപ്പം പരാമര്‍ശിക്കുന്നത് നേതാജിയുടെ ജീവത്യാഗമാണ്. ആ നെഹ്‌റുവാണ് മൂന്നാംകിട ഇംഗ്ലീഷില്‍ നേതാജിയെ വാര്‍ ക്രിമിനല്‍ ആയി വിശേഷിപ്പിച്ചു കൊണ്ട് ആറ്റ്‌ലിക്ക് കത്തെഴുതിയതായി പ്രചരിപ്പിക്കപ്പെടുന്നത് എന്നോര്‍ക്കണം!
കോണ്‍ഗ്രസ് നേതാജിയുടെ പേരില്‍ രൂപീകരിച്ച ട്രസ്റ്റില്‍ നെഹ്‌റുവും അംഗമായിരുന്നു എന്ന് മാത്രമല്ല, ആറായിരം രൂപ വീതം വര്‍ഷത്തില്‍ നേതാജിയുടെ മകള്‍ക്കും ഭാര്യക്കും നെഹ്റു സര്‍ക്കാര്‍ അയച്ചുകൊടുത്തിരുന്നു.
പതിനെട്ടു വയസ്സുള്ള ആ പെണ്‍കുട്ടിക്ക് പല സംസ്ഥാനങ്ങളിലും ആതിഥ്യവും വിരുന്നും നല്‍കിയത് അതതു സംസ്ഥാന ഗവര്‍ണര്‍മാരായിരുന്നു. ദല്‍ഹിയില്‍ താമസിച്ചത് പ്രധാനമന്ത്രി നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയിലും.
എന്തിനു ഏറെ പറയണം! നേതാജിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതാക്കളോടുള്ള ആദരവ് മനസിലാക്കാന്‍ ഒരു പാട് വായിക്കണം എന്നൊന്നും ഇല്ല. ഐ.എന്‍.എ യുടെ നാലു ബ്രിഗേഡുകളുടെ പേര് ഓര്‍ത്താല്‍ മതി.
അത് ഗാന്ധി, നെഹ്റു, ആസാദ്, സുഭാഷ് എന്നീ പേരുകളില്‍ ആയിരുന്നു. പിന്നെ ഝാന്‍സിറാണി റെജിമെന്റും! പേരിടുമ്പോള്‍ ഒരിക്കല്‍ പോലും സവര്‍ക്കര്‍ ബ്രിഗേഡോ, ഗോള്‍വള്‍ക്കര്‍ റെജിമെന്റോ എന്തിന് ശിവജി റെജിമെന്റ് പോലും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല.
ഇതില്‍ നിന്നും എന്തായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ലോകബോധം എന്നും ദശാബ്ദങ്ങള്‍ക്കിപ്പുറവും ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത വിധം മതേതരവും ബഹുസ്വരവും ആയിരുന്നു അതെന്നും സുവ്യക്തമാണ്.
രണ്ടാമത്തെ കാര്യം, നേതാജിയുടെ പൈതൃകം ഹൈജാക്ക് ചെയ്യാനുള്ള സങ്കുചിത ദേശിയവാദികളുടെ ശ്രമമാണ്. നെഹ്‌റുവിന് പകരം നേതാജി ആയിരുന്നു പ്രധാനമന്ത്രി എങ്കില്‍ ഇന്ത്യ മറ്റൊന്ന് ആയേനെ എന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്.
പക്ഷെ, നെഹ്‌റുവിനെപ്പോലെ നേതാജിയും സോഷ്യലിസ്റ്റ് ആയിരുന്നു. 1938ല്‍ രജനി പാം ദത്തിന് നല്‍കിയ അഭിമുഖത്തില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പരമപ്രധാനമായ രണ്ടു ലക്ഷ്യങ്ങള്‍ രാഷ്ട്രീയസ്വാതന്ത്ര്യവും, സോഷ്യലിസ്റ്റ് ഭരണം പടുത്തുയര്‍ത്തലും ആകണമെന്നാണ് നേതാജി പറയുന്നത്.
സുഭാഷ് ചന്ദ്ര ബോസ്-ഒരു ചിത്രീകരണം
അതോടൊപ്പം, നെഹ്‌റുവിനെപ്പോലെ ആധുനികതയിലും, മതനിരപേക്ഷതയിലും, സ്ത്രീതുല്യതയിലും ഉറച്ച വിശ്വാസമുള്ള ഒരാള്‍ ആയിരുന്നു നേതാജി. അതുകൊണ്ടാണ് സ്ത്രീകള്‍ക്കായി ഒരു വിഭാഗം തന്നെ അദ്ദേഹം ഐ.എന്‍.എയില്‍ ഉണ്ടാക്കിയത്. ഐ.എന്‍.എയില്‍ എല്ലാ മതക്കാരും ഉണ്ടായിരുന്നു.
ഒരിക്കലും അദ്ദേഹം ഹിന്ദു ബിംബങ്ങളെയും, ഹിന്ദുസ്വത്വത്തെയും മുന്‍നിര്‍ത്തിയുള്ള ഒരു രാഷ്ട്രഭാവന ഉണ്ടാക്കാന്‍ ശ്രമിച്ചില്ല. പകരം, അദ്ദേഹം ‘വൈവിധ്യങ്ങളുടെ ഇന്ത്യ’യെന്ന ആശയത്തില്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
സ്വതന്ത്ര ഇന്ത്യയില്‍ എല്ലാ മത-ഭാഷാവിഭാഗങ്ങള്‍ക്കും ഒരുപോലെ അധികാരപങ്കാളിത്തം ഉണ്ടായിരിക്കണം എന്നാണു അദ്ദേഹം വാദിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍, നേതാജി ജീവിച്ചതും മരിച്ചതും മതേതരവും, ബഹുസ്വരവും, ജനക്ഷേമത്തില്‍ അധിഷ്ഠിതവുമായ ഒരു ഇന്ത്യക്ക് വേണ്ടി ആയിരുന്നു.
ഏകശിലാരൂപിയും, ഭൂരിപക്ഷകേന്ദ്രീകൃതവുമായ ഒരു വലതുപക്ഷ ആശയവുമായി ചേര്‍ന്ന് പോകുന്ന ഒന്നല്ല നേതാജിയുടെ പൈതൃകം. ആത്മബലിയിലൂടെയാണ് അദ്ദേഹം സാമ്രാജ്യത്വത്തെ പ്രതിരോധിച്ചത്. അല്ലാതെ, മതേതരത്വത്തെയും, സ്വാതന്ത്ര്യസമരത്തെയും ഒറ്റു കൊടുത്തുകൊണ്ടല്ല.
ഗാന്ധിയോടൊപ്പം
അതുകൊണ്ട്, ആ നേതാജിയുടെ ഓര്‍മ്മകളോട് നീതി പുലര്‍ത്താന്‍ ആണ് ആഗ്രഹിക്കുന്നതെങ്കില്‍, ആദ്യം ചെയ്യേണ്ടത് ഗാന്ധിജിയെയും നെഹ്‌റുവിനെയും പ്രതിനായകരായി നിരന്തരം അവതരിപ്പിക്കുകയല്ല. പകരം നേതാജി ചെയ്തത് പോലെ, തെളിഞ്ഞ മനസ്സോടെ ഈ മഹാരാജ്യത്തിന്റെ തനതായ വൈവിധ്യങ്ങളെയും, ബഹുസ്വരതയുടെ മനോഹാരിതയെയും അംഗീകരിക്കലാണ്. മറ്റുള്ള എല്ലാ പ്രകടനങ്ങളും വെറും കാപട്യവും വാചാടോപവും മാത്രമാണ്.
ആസാദ് ഹിന്ദ് റേഡിയോയിലൂടെ ബാപ്പുവിനെ ആദ്യമായി ‘ഇന്ത്യയുടെ രാഷ്ട്രപിതാവേ’ എന്ന് ആദരവോടെയും അതിലേറെ സ്‌നേഹത്തോടെയും സംബോധന ചെയ്ത മതേതര-ബഹുസ്വര ഇന്ത്യയുടെ ഒരെയൊരു നേതാജിക്ക് ഒരായിരം അഭിവാദ്യങ്ങള്‍!