Entertainment
അവര്‍ വീണ്ടും ഒന്നിക്കുന്നു, സുഡാനി ഫ്രം നൈജീരിയയുടെ ആറാം വാര്‍ഷികത്തില്‍ സിനിമാപ്രേമികള്‍ക്ക് സൗബിന്റെ സമ്മാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 23, 04:26 pm
Saturday, 23rd March 2024, 9:56 pm

2018ല്‍ മലയാള സിനിമയില്‍ ഇറങ്ങിയ മികച്ച സിനിമകളിലൊന്നായിരുന്നു സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രം മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പശ്ചാത്തലത്തില്‍ ഹൃദയഹാരിയായ കഥ പറഞ്ഞ ഫീല്‍ഗുഡ് സിനിമയായിരുന്നു.

ഇന്നിതാ സിനിമയുടെ ആറാം വാര്‍ഷികത്തില്‍ അതേ ടീം കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സൗബിന്‍ ഷാഹിര്‍- സക്കറിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. പേരിട്ടിട്ടില്ലാത്ത ചിത്രത്തില് മറ്റ് അഭിനേതാക്കളെക്കുറിച്ചോ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സക്കറിയ തന്നെയാണ് ചിത്രത്തിന്റെ രചന.

2018ലെ ജനപ്രിയ ചിത്രം, നവാഗത സംവിധായകന്‍(സക്കറിയ), തിരക്കഥ(സക്കറിയ, മുഹ്‌സിന്‍ പരാരി), സ്വഭാവ നടി (സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി) മികച്ച നടന്‍(സൗബിന്‍ ഷാഹിര്‍) എന്നീ വിഭാഗങ്ങളിലെ സംസ്ഥാന അവാര്‍ഡും, മികച്ച മലയാള ചിത്രം, ജൂറി പരാമര്‍ശം (സാവിത്രി ശ്രീധരന്‍) എന്നീ ദേശീയ അവാര്‍ഡുകളും സുഡാനി നേടി.

ഷഹബാസ് അമനും, റെക്‌സ് വിജയനും ചേര്‍ന്നൊരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചവയായിരുന്നു. ഇതേ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ മികച്ച ഒരു ചിത്രം മലയാളത്തിന് ലഭിക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. സൗബിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ അനൗണ്‍സ് ചെയ്തത്.

Content Highlight: Sudani from Nigeria team unites for new movie