ഇറാനുമായുള്ള ബന്ധം തുടരാന്‍ സുഡാന്‍; കരാറുകളില്‍ ഒപ്പുവെക്കാന്‍ തീരുമാനം
World News
ഇറാനുമായുള്ള ബന്ധം തുടരാന്‍ സുഡാന്‍; കരാറുകളില്‍ ഒപ്പുവെക്കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2024, 8:14 pm

ഖാര്‍ത്തൂം: ഇറാനുമായുള്ള നയതന്ത്ര ബന്ധം തുടരാന്‍ തീരുമാനിച്ച് സുഡാന്‍. സാമ്പത്തിക-വ്യാപാര മേഖലകളില്‍ കരാറുകളില്‍ ഏര്‍പ്പെടാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.

Sudan to continue ties with Iran

Gibril Ibrahim Mohamed with seyed abbas araghchi

കരാറുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചിയും സുഡാന്‍ ധനകാര്യ മന്ത്രി ജിബ്രില്‍ ഇബ്രാഹിമും ടെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തി.

ജിബ്രിലുമായുള്ള കൂടിക്കാഴ്ചയില്‍ സുഡാനില്‍ നടക്കുന്ന ആഭ്യന്തര കലാപത്തില്‍ അരാഗ്ചി അപലപിച്ചു. ആഫ്രിക്കന്‍ രാജ്യത്ത് അതിവേഗത്തില്‍ സമാധാനം വീണ്ടെടുക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇറാന്‍ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ച സുഡാനെ സംബന്ധിച്ച് ഒരു നല്ല വീണ്ടെടുക്കലാണെന്ന് ജിബ്രില്‍ പറഞ്ഞു. രാജ്യത്തെ വികസനത്തിന് ഇറാനുമായുള്ള ബന്ധം ആക്കം കൂട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളുടെയും സാമ്പത്തിക കമ്മീഷനുകള്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ജിബ്രില്‍ കൂട്ടിച്ചേര്‍ത്തു.

2016ല്‍ ഇറാനിലെ സൗദി അറേബ്യയയുടെ എംബസിക്ക് നേരെ ആക്രമണം നടന്നിരുന്നു. ഈ ആക്രമണത്തില്‍ സൗദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുഡാന്‍ ഇറാനുമായുള്ള മുഴുവന്‍ നയതന്ത്ര ബന്ധവും വിച്ഛേദിക്കുകയായിരുന്നു.

നിലവില്‍ രാജ്യത്തെ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് സുഡാന്‍ ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നത്. 17 മാസമായി തുടരുന്ന സുഡാനിലെ ആഭ്യന്തര കലാപം എത്തിനില്‍ക്കുന്നത് കടുത്ത പട്ടിണിയിലാണ്.

സുഡാനിലെ സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള കലാപത്തില്‍ രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന് വിധേയപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇറാനുമായുള്ള ബന്ധം പുതുക്കാന്‍ സുഡാന്‍ തീരുമാനിച്ചത്.

എന്നാല്‍ 2023 ഒക്ടോബറില്‍ തന്നെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സുഡാനും ഇറാനും സ്വീകരിച്ചിരുന്നു. 2024 ജൂലൈയില്‍ ഇരുരാജ്യങ്ങളും അംബാസിഡര്‍മാരെ കൈമാറുകയും ചെയ്തിട്ടുണ്ട്.

Sudan to continue ties with Iran, world news

Gibril Ibrahim Mohamed with Abdolnaser Hemmati

ബുധനാഴ്ച ഇറാന്‍ ധനമന്ത്രി അബ്ദുള്‍നാസര്‍ ഹെമ്മതിയുമായി ജിബ്രില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടന്നത്.

ഇസ്രഈലിന്റെ യുദ്ധവെറി തടുക്കുന്നതിന് ഇസ്ലാം രാജ്യങ്ങള്‍ക്കിടയില്‍ ഐക്യദാര്‍ഢ്യം വേണമെന്നും അഗാച്ചി ആവശ്യപ്പെട്ടു. ഗസയിലും ലെബനനിലും തുടരുന്ന നെതന്യാഹു സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളില്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Sudan to continue ties with Iran