ചെന്നൈ: പൊതുമേഖല സ്ഥാപനങ്ങളും ഓഹരി വിറ്റഴിക്കലും സ്വാകാര്യവത്കരണവുമാണ് നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
” ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പൂര്‍ണമായി യോജിക്കുന്നു. സര്‍ക്കാരിന് ബിസിനസില്‍ ഇടപെടേണ്ട കാര്യമില്ല. ഇതിന് മറ്റൊരു വശം കൂടിയുണ്ട്.
ബിസിനസുകാര്‍ക്ക് സര്‍ക്കാരില്‍ ഇടപെടേണ്ട കാര്യവുമില്ല എന്നതാണത്. അങ്ങനെയവര്‍ ചെയ്യുകയാണെങ്കില്‍ അത് ചങ്ങാത്തമുതലാളിത്തമാണ്,” എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.
നേരത്തെയും സര്‍ക്കാരിനെ പരിഹസിച്ച് നിരവധി തവണ സുബ്രഹ്മണ്യന്‍ സ്വാമി മുന്നോട്ട് വന്നിരുന്നു.
ബുധനാഴ്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസെറ്റ് മാനേജ്‌മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് പ്രധാനമന്ത്രി സ്വകാര്യവത്കരണ നയമാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് എന്നത് വീണ്ടും ആവര്‍ത്തിച്ചത്.
തന്ത്രപരമായ നാല് മേഖലകളില്‍ ഒഴികെ മറ്റെല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
സര്‍ക്കാര്‍ സ്വന്തമായി ബിസിനസ് നടത്തേണ്ടത് അത്യാവശ്യമല്ല. പൊതുമേഖല സ്ഥാപനങ്ങള്‍ സ്ഥാപിതമായത് മറ്റൊരു സമയത്തായിരുന്നു. അന്നത്തെ ആവശ്യങ്ങളും വ്യത്യസ്തമായിരുന്നു. ബിസിനസ്സില്‍ ഏര്‍പ്പെടുന്നതല്ല സര്‍ക്കാരിന്റെ ജോലി. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള നയം ഇപ്പോള്‍ പരിഷ്‌കരിക്കേണ്ടതുണ്ട് എന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.