national news
'ജിന്നയാണ് തങ്ങളുടെ നേതാവെന്ന് പറഞ്ഞവരല്ലേ റോഹിങ്ക്യക്കാര്‍'; വിദ്വേഷ പരാമര്‍ശവുമായി സുബ്രഹ്മണ്യ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 09, 03:04 am
Tuesday, 9th March 2021, 8:34 am

ന്യൂദല്‍ഹി: റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. റോഹിങ്ക്യന്‍ മുസ് ലിങ്ങളെ സ്വീകരിക്കാത്തതില്‍ മാധ്യമങ്ങള്‍ എന്തിനാണ് ഇന്ത്യയെ വിമര്‍ശിക്കുന്നത് എന്ന് ചോദിച്ച് രംഗത്തെത്തിയ സുബ്രഹ്മണ്യ സ്വാമി കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശമാണ് നടത്തിയത്.

” റോഹിങ്ക്യക്കാരെ സ്വീകരിക്കാത്തതില്‍ മാധ്യമങ്ങള്‍ എന്തിനാണ് ഇന്ത്യയെ വിമര്‍ശിക്കുന്നത്. അഖണ്ഡ ഹിന്ദുസ്ഥാന്റെ മൂന്നിലൊന്നും മുസ്‌ലിങ്ങള്‍ക്ക് രാജ്യമുണ്ടാക്കാന്‍ വേണ്ടി 1947ല്‍ ഇന്ത്യ സംഭാവന ചെയ്തില്ലേ?

ജിന്ന തങ്ങളുടെ നേതാവാണെന്ന് പറഞ്ഞ് ഇതേ റോഹിങ്ക്യക്കാര്‍ തന്നെ വിഭജനത്തിന്റെ സമയത്ത് ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായിരുന്നില്ലല്ലോ? നമ്മുടെ അതിര്‍ത്തിക്ക് ചുറ്റും ഇപ്പോള്‍ നാല് മുസ്‌ലിം രാഷ്ട്രങ്ങള്‍ ഉണ്ട്,” സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

മ്യാന്‍മറില്‍ പട്ടാള അട്ടിമറി നടന്നതിന് പിന്നാലെയാണ് റോഹിങ്ക്യന്‍ മുസ്‌ലിങ്ങളുടെ വിഷയം വീണ്ടും ചര്‍ച്ചകളിലേക്കെത്തുന്നത്. മ്യാന്‍മറിലെ സൈനിക അട്ടിമറിയെ ഇന്ത്യയെ അപലപിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് മ്യാന്‍മറില്‍ സൈന്യം ഭരണം പിടിച്ചെടുത്തത്. മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സൈന്യം അടിയന്തരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

2015ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവു കൂടിയായ ആങ് സാന്‍ സൂചി അധികാരത്തിലെത്തുന്നത്. പിന്നീട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടുള്‍പ്പെടെയുള്ള അവരുടെ നയങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Subramanian Swamy criticises Rohingya’s