Film News
ക്ലാസ്സ്‌മേറ്റ്സിലേക്ക് എത്താൻ കാരണം ഒരു വാർത്താ അവതാരകൻ: സുബീഷ് സുധി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 25, 10:46 am
Sunday, 25th February 2024, 4:16 pm

താൻ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ സുബീഷ് സുധി. ഇന്ത്യാ വിഷൻ ചാനലും നികേഷ്കുമാറും കത്തിനിന്നിരുന്ന സമയത്ത് തന്റെ ജൂനിയർ അഖില വഴി അദ്ദേഹത്തിന്റെ നമ്പർ സംഘടിപ്പിച്ചു വിളിച്ചെന്ന് സുബീഷ് പറഞ്ഞു.

തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ചും അതിന് സഹായിക്കാനും നികേഷ്കുമാറിനോട് പറഞ്ഞെന്നും സുബീഷ് കൂട്ടിച്ചേത്തു. നികേഷ്‌കുമാറാണ് തനിക്ക് ലാൽ ജോസിന്റെ നമ്പർ തന്നതെന്നും അങ്ങനെയാണ് ക്ലാസ്സ്‌മേറ്റ്സിലേക്ക് എത്തുന്നതെന്നും സുബീഷ് പറയുന്നു. ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഇന്ത്യാവിഷനും നികേഷ്കുമാറും കത്തിനിന്നിരുന്ന സമയത്ത് കോളേജിൽ ജൂനിയർ ആയിരുന്ന അഖില എന്ന സുഹൃത്ത് വഴി അദ്ദേഹത്തിന്റെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. എന്റെ സിനിമാ സ്വപ്നങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞു, സഹായിക്കണമെന്നും അപേക്ഷിച്ചു. സിനിമാനടനെക്കാൾ പേരും പ്രശസ്തിയും അന്ന് അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരുപാട് സിനിമക്കാരെ എല്ലാം പരിചയമുള്ള എന്റെ നാട്ടുകാരൻ എന്ന ചിന്തയിലാണ് വിളിച്ചത്. ഒരിക്കൽ കൊച്ചിയിൽ പോയി കാണുകയും ചെയ്തു. നികേഷ്ട്ടനാണ് എന്റെ കാര്യം ലാൽജോസിനോട് പറഞ്ഞത്. പിന്നീട് ലാൽ ജോസ് സാറിനെ ഒട്ടുമിക്ക ദിവസവും വിളിക്കുമായിരുന്നു. പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കുഞ്ഞിമംഗലം, രാമന്തളി പഞ്ചായത്തുകളിലെ മിക്കവാറും ടെലിഫോൺ ബൂത്തിൽ നിന്ന് ഒരു രൂപ കോയിൻ ഇട്ട് ഞാൻ അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ അസോസിയേറ്റ് അനൂപ് കണ്ണനാണ് ക്ലാസ്മേറ്റ്സിന്റെ ഷൂട്ടിങ് സെറ്റിലേക്ക് വരാൻ പറഞ്ഞത്. കോട്ടയം സി.എം.എസ് കോളേജിൽ ആയിരുന്നു ഷൂട്ട്. അന്ന് വീട്ടിൽ വലിയ ആഘോഷമായിരുന്നു. അമ്മ പുതിയ ഷർട്ട് എല്ലാം വാങ്ങിത്തന്നു. സിനിമാനടൻ ആകാൻ പോകുന്ന എന്നെ കാണാൻ അന്ന് ഒരുപാട് പേർ വന്നു.

എല്ലാവർക്കും ചോറും ചിക്കൻ കറിയും എല്ലാം കൊടുത്തു. സിനിമ ഇറങ്ങിയപ്പോൾ അതിൽ എന്നെ പലരും കണ്ടിരുന്നില്ല. അത്രയും ചെറിയ വേഷമായിരുന്നു. അന്ന് പലരും പരിഹസിച്ചു. വലിയ വിഷമം തോന്നി. ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ തമാശയായി തോന്നാറുണ്ട്. നാട്ടുകാരെല്ലാം ഇന്നെന്റെ വളർച്ചയ്ക്കൊപ്പമുണ്ട്,’ സുബീഷ് സുധി പറഞ്ഞു.

Content Highlight: Subeesh sudhi about his cinema journey