16 ാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചു; ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; രജീഷ് പോളിനെതിരെ വിദ്യാര്‍ത്ഥിനി
Kerala News
16 ാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചു; ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; രജീഷ് പോളിനെതിരെ വിദ്യാര്‍ത്ഥിനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st August 2018, 11:12 am

കോഴിക്കോട്: രജീഷ് പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥിനി. 16 ാം വയിസില്‍ നേരിട്ട അനുഭവം ഫേസ്ബുക്കിലൂടെയാണ് വിദ്യാര്‍ത്ഥിനി തുറന്നുപറഞ്ഞത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിലില്‍ കഴിയുന്ന ദമ്പതിമാരുടെ മകളാണ് കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

ഒരു അവധിക്കാലത്താണ് രജീഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും തന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇടുമെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രജീഷിനെതിരെയുള്ള സ്ത്രീകളുടെ ആരോപണം ആദ്യം വെളിപ്പെടുത്തിയത് ദളിത് പ്രവര്‍ത്തകയും ചിന്തകയുമായ രേഖ രാജ് ആയിരുന്നു. അതിന് പിന്നാലെ രജീഷിനെതിരെ ആരോപണവുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു.


കുമ്മനം കേരളരാഷ്ട്രീയത്തിലേക്ക് ഉടന്‍ തിരിച്ചുവരില്ല: ശ്രീധരന്‍പിള്ള


വീട്ടില്‍ നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് തന്നേയും അനുജത്തിയേയും കാണാന്‍ വന്ന സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു രജീഷിനെ ആദ്യമായി കണ്ടത്. താന്‍ പത്തില്‍ പഠിക്കുന്ന കാലത്തായിരുന്നു അത്.

അതിനു ശേഷം തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് രജീഷും ഭാര്യയും താമസിക്കുന്ന വീട്ടില്‍ എല്ലാ അവധിക്കാലത്തും പോകുമായിരുന്നു.

ഒരു ദിവസം അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ രാത്രി അയാള്‍ തന്നെ കയറിപ്പിടിച്ചു. താന്‍ അത് എതിര്‍ത്തപ്പോള്‍ തെറ്റുപറ്റിപ്പോയതാണെന്ന് പറഞ്ഞ് കുറേ കരഞ്ഞു. അത് അയാളുടെ മാപ്പപേക്ഷയായാണ് താന്‍ കണക്കാക്കിയത്.

പിന്നീട് ഒരു അവധിക്കാലത്ത് അയാളുടെ വീട്ടില്‍ ചെന്ന അവസരത്തിലാണ് അയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചത്. തന്റെ ചിത്രങ്ങള്‍ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്ബുക്കില്‍ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തുകയായിരുന്നു.


കുറുവടി കൊണ്ട് വടിച്ചു തീര്‍ക്കാനാവാത്ത മീശ; മീശ പുസ്തകമായി നാളെ ഇറങ്ങുന്നു


16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നെന്നും അത്മഹത്യയെ കുറിച്ച് പോലും അന്ന് ചിന്തിച്ചിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. തന്നെ കുറിച്ച് ഭാര്യയോടും അവരെ കുറിച്ച് തന്നോടും മോശമായ കാര്യങ്ങളാണ് രജീഷ് പറഞ്ഞിരുന്നതെന്ന് പിന്നീട് അവരുമായി സംസാരിച്ചപ്പോഴാണ് മനസിലായത്. ഈ അനുഭവം തനിക്കുണ്ടാക്കിയ ഷോക്ക് വളരെ വലുതായിരുന്നെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.