Kerala News
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 32 പേരെ ആക്രമിച്ചത് ഒരേ നായ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 24, 04:51 pm
Saturday, 24th August 2024, 10:21 pm

പേട്ട: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ ആക്രമിച്ചത്. നായക്ക് പേവിഷബാധയുണ്ടെന്ന് അധികൃതര്‍ സംശയം ഉന്നയിച്ചു.

32 പേരെയും ഒരേ നായയാണ് കടിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമായി ചികിത്സ തേടിയിട്ടുണ്ട്. നേമം ശാന്തിവിള ആശുപത്രിയിലും എട്ട് പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചികിത്സ തേടിയ മുഴുവന്‍ ആളുകള്‍ക്കും പേവിഷ വാക്‌സിന്‍ കൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം നായയ്ക്കായി തിരുവനന്തപുരം നഗരത്തില്‍ ഡോഗ് സ്‌ക്വാഡിന്റെ തെരച്ചില്‍ ആരംഭിച്ചു. രണ്ട് ഡോഗ് സ്‌ക്യാഡുകളാണ് തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെയാണ് ഒന്നിലധികം ആളുകള്‍ക്ക് നായയുടെ കടിയേറ്റിട്ടുണ്ടെന്ന് ആളുകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: Streetdog attack in Thiruvananthapuram