ഇന്ത്യാനയിലെ ഹോക്കിന്‍സ് എന്ന സാങ്കല്‍പ്പിക നഗരത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളെ കുറിച്ചും അതിനെതിരെ പോരാടുന്ന ഒരു കൂട്ടം കൗമാരക്കാരെ കുറിച്ചും പറഞ്ഞ സീരീസായിരുന്നു സ്‌ട്രേഞ്ചര്‍ തിങ്‌സ്. എട്ട് എപ്പിസോഡുകളുള്ള സീരീസിന്റെ ആദ്യ സീസണ്‍ 2016ലായിരുന്നു റിലീസ് ചെയ്തിരുന്നത്. അന്ന് നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇംഗ്ലീഷ് സീരീസായി സ്‌ട്രേഞ്ചര്‍ തിങ്‌സ് മാറിയിരുന്നു.
ഒമ്പത് എപ്പിസോഡുകളുള്ള രണ്ടാമത്തെ സീസണ്‍ പുറത്തിറങ്ങിയത് 2017ലായിരുന്നു. പിന്നാലെ 2019ല്‍ മൂന്നാമത്തെ സീസണും 2022ല്‍ നാലാമത്തെ സീസണും പുറത്തിറങ്ങി. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്നത് ഈ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസിന്റെ അഞ്ചാമത്തെ സീസണിന് വേണ്ടിയാണ്. ഈ സീസണോടെ സ്‌ട്രേഞ്ചര്‍ തിങ്‌സ് സീരീസ് അവസാനിക്കും.
ഇപ്പോള്‍ അഞ്ചാമത്തെ സീസണിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് എത്തുന്നത്. സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ സഹ-സ്രഷ്ടാവായ റോസ് ഡഫര്‍ ഇപ്പോള്‍ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ’24ാം ആഴ്ച, പാതിവഴിയില്‍ എക്കാലത്തെയും മികച്ച അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും കൂടെ’ എന്ന അടിക്കുറിപ്പോടെയാണ് റോസ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഈ ചിത്രം പങ്കുവെച്ചത്.
ഇതില്‍ നിന്ന് ഈ സീസണിന്റെ ചിത്രീകരണം പകുതിയോളമായെന്ന് വ്യക്തമാണ്. 2024 ജനുവരിയുടെ തുടക്കത്തിലായിരുന്നു ഷൂട്ടിങ് ആരംഭിച്ചിരുന്നത്. ഹോളിവുഡിലെ സമരം കാരണം സീരീസിന്റെ ഷൂട്ടിങ് മുമ്പ് മാറ്റി വെക്കുകയായിരുന്നു. എട്ട് എപ്പിസോഡുകളുള്ള അവസാന സീസണ്‍ അടുത്ത ഒരു വര്‍ഷത്തോടെ പുറത്തിറങ്ങുമെന്നാണ് സ്‌ട്രേഞ്ചര്‍ തിങ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ റോസ് പങ്കുവെച്ച ചിത്രത്തില്‍ ചിലരുടെ മുഖങ്ങള്‍ ബ്ലര്‍ ചെയ്തത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
വിനോന റൈഡര്‍, ഡേവിഡ് ഹാര്‍ബര്‍, ഫിന്‍ വുള്‍ഫാര്‍ഡ്, മില്ലി ബോബി ബ്രൗണ്‍, ഗേറ്റന്‍ മറ്റരാസോ, കലേബ് മക്ലാഫ്ലിന്‍, നതാലിയ ഡയര്‍, ചാര്‍ളി ഹീറ്റണ്‍, നോഹ ഷ്നാപ്പ്, സാഡി സിങ്ക്, ജോ കീറി എന്നിവരുള്‍പ്പെടെ ഒരുപാടുപേര്‍ ഈ സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ അവസാന സീസണിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Stranger Things Co-creator Ross Duffer Shared Images Of The Cast And Crew