വംശീയ വിവേചനം അവസാനിപ്പിക്കണം; വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ സമരം മുന്നോട്ടുവെക്കുന്നത്
Details
വംശീയ വിവേചനം അവസാനിപ്പിക്കണം; വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ സമരം മുന്നോട്ടുവെക്കുന്നത്
ഷഫീഖ് താമരശ്ശേരി
Wednesday, 30th September 2020, 6:46 pm

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള മൂലങ്കാവ് തേരമ്പറ്റ സ്വദേശിയായ വിപിന്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായുള്ള നല്ലൂര്‍ നാട് എം.ആര്‍.എസ് സ്‌കൂളില്‍ നിന്ന് 2014 ലാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. ഡിഗ്രി പഠനത്തിനായി വയനാട് ജില്ലയിലെ നിരവധി കോളേജുകളില്‍ അപേക്ഷ നല്‍കി. മാനന്തവാടി ഗവ. കോളേജ്, കല്‍പറ്റ ഗവ. കോളേജ്, ബത്തേരി സെന്റ് മേരീസ് കോളേജ്, മുട്ടില്‍ ഡബ്‌ള്യൂ.എം.ഒ കോളേജ് എന്നിവിടങ്ങളിലെല്ലാം അപേക്ഷിച്ചെങ്കിലും ആ വര്‍ഷം എവിടെയും സീറ്റ് ലഭിച്ചില്ല.

തൊട്ടടുത്ത വര്‍ഷം വരെ കാത്തിരുന്നെങ്കിലും ആ വര്‍ഷവും എവിടെയും സീറ്റ് ലഭിച്ചില്ല. തുടര്‍പഠനത്തിനായുള്ള അതിയായ മോഹം ഉള്ളില്‍ സൂക്ഷിച്ച് വിപിന്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആദിശക്തി സമ്മര്‍ സ്‌കൂള്‍ എന്ന ആദിവാസി വിദ്യാര്‍ത്ഥി കൂട്ടായ്മ നടത്തിയ ഇടപെടലുകള്‍ വഴിയാണ് വിപിന്‍ എറണാകുളത്തെ കളമശ്ശേരി സെന്റ് പോള്‍ കോളേജില്‍ ഡിഗ്രിക്ക് അപേക്ഷിക്കുന്നത്. വിപിന് അവിടെ ബി.എ എക്കണോമിക്‌സിന് സീറ്റ് ലഭിച്ചു.

നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണെങ്കിലും വിപിന് ബിരുദത്തിന് ചേരാന്‍ സാധിച്ചു. പക്ഷേ പ്ലസ്ടുവിന് വിപിന്റെ സഹപാഠികളായിരുന്ന നിരവധി ആദിവാസി വിദ്യാര്‍ത്ഥികള്‍ യോഗ്യതകളുണ്ടായിട്ടും ബിരുദത്തിന് ചേരാന്‍ സാധിക്കാതെ പഠനമോഹങ്ങളുപേക്ഷിച്ച് കൂലിപ്പണിക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അനേകം വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസ്സായിട്ടും പ്ലസ്ടുവിന് പോലും ചേരാന്‍ സാധിക്കാതെ വീടുകളില്‍ കഴിയുന്നു. വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതയുണ്ടായിട്ടും അവരുടെ വിദ്യാഭ്യാസ മോഹങ്ങളുപേക്ഷിക്കേണ്ടി വരുന്നതിന്റെ മുഖ്യകാരണം ജനസംഖ്യാനുപാതത്തിലുള്ള സീറ്റുകള്‍ അവര്‍ക്ക് ജില്ലയില്‍ ലഭിക്കാത്തതാണ്.

ഭരണകൂടം വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളോട് തുടരുന്ന വംശീയ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആദിവാസി വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ വയനാട് സിവില്‍സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സമരം നടന്നുവരികയാണിപ്പോള്‍.

വേണ്ടത്ര ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ നല്‍കാത്തതിനാല്‍ എല്ലാ വര്‍ഷവും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് അര്‍ഹരായ വയനാട് ജില്ലയില്‍ നിന്നുള്ള നൂറുകണക്കിന് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി നിയമപരമായി 25,000-ത്തോളം സീറ്റുകള്‍ സംസ്ഥാനവ്യാപകമായി നീക്കിവെക്കാറുണ്ടെങ്കിലും, പ്രതിവര്‍ഷം ശരാശരി 6,000-ത്തോളം കുട്ടികള്‍ മാത്രമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നത് (ഈ വര്‍ഷം 7,220 കുട്ടികള്‍ യോഗ്യത നേടി).

ഈ താഴ്ന്ന പ്രാതിനിധ്യത്തിന് നിരവധി സാമൂഹിക സാമ്പത്തിക കാരണങ്ങളുണ്ട്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മൂന്നില്‍ ഒന്നും (1/3) വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. ഈ അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ 2,442 പേരില്‍ 2,009 കുട്ടികള്‍ യോഗ്യത നേടി. രണ്ടായിരത്തിലധികം ആദിവാസി വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിനുള്ള യോഗ്യത നേടിയ ജില്ലയില്‍ അവര്‍ക്ക് ലഭ്യമായ സീറ്റുകളുടെ എണ്ണം 529 മാത്രമാണ്.

ആദിവാസി സംഘടനകളും, അധ്യാപക സംഘടനകളും, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പും നിരവധി പരാതികളും നിവേദനങ്ങളും സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പോ കേരള സര്‍ക്കാരോ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറോ വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ സീറ്റുകള്‍ / ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ് സാമൂഹ്യപ്രവര്‍ത്തകനായ എം.ഗീതാനന്ദന്‍ പറയുന്നത്.

മറ്റ് ജില്ലകളിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി നിയമാനുസൃതമായി നീക്കിവെച്ചിരിക്കുന്നതില്‍ 80% സീറ്റുകള്‍, പ്രോസ്‌പെക്ടസില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മറ്റ് കാറ്റഗറി വിദ്യാര്‍ത്ഥികള്‍ക്കായി നിയമവിരുദ്ധമായി തിരിച്ചുവിടുകയാണെന്നും കഴിഞ്ഞ വര്‍ഷം (2019-20) പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരുന്ന 16,000 സീറ്റുകള്‍ ആദ്യ അലോട്ട്‌മെന്റ് കഴിഞ്ഞയുടനെ ഇപ്രകാരം തിരിച്ച് വിട്ടിരുന്നെന്നും എം.ഗീതാനന്ദന്‍ പറയുന്നു. ഇങ്ങനെ, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നൂറുകണക്കിന് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറത്താക്കുകയും അതുവഴി കൂലി തൊഴിലിലേക്ക് തള്ളിവിടുകയും ചെയ്യുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച സാമൂഹിക സാമ്പത്തിക നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് (2013) കാണിക്കുന്നത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം എല്ലാ വര്‍ഷവും വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്തുപോകുന്നു എന്നാണ്. സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് (ഡ്രോപ്പ് ഔട്ട്) നിരക്ക് 95% ആണ്.

അടിയ, പണിയ, കാട്ടുനായിക്ക മുതലായ ദുര്‍ബലരായ ഗോത്ര സമുദായങ്ങളില്‍ വയനാട് ജില്ലയില്‍ നിലനില്‍ക്കുന്ന ”ഡ്രോപ്പ് ഔട്ട് സിന്‍ഡ്രോം”, ഈ സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം മാത്രം കൊണ്ടല്ല, മറിച്ച് വിദ്യാഭ്യാസത്തിന് മതിയായ സൗകര്യങ്ങള്‍ നല്‍കാത്തതിലൂടെ അധികാരികള്‍ കാണിക്കുന്ന നിസ്സംഗത മൂലമാണെന്നാണ് ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മേരി ലിഡിയ പറയുന്നത്.

‘ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടക്കാനാഗ്രഹിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവരുടെ വാതില്‍ അടയ്ക്കുകയാണ്. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസത്തില്‍ നിന്ന് പുറത്താക്കുന്ന ഇത്തരം സ്ഥാപനവല്‍കരിക്കപ്പെട്ട രീതി വംശീയവും ജാതിപരവുമായ വിവേചനമല്ലാതെ മറ്റൊന്നുമല്ല.’ ലിഡിയ പറയുന്നു.

ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളിലേക്കുള്ള പ്രവേശന പ്രക്രിയ ഒരു കേന്ദ്ര അലോട്ട്‌മെന്റ് നടപടിക്രമത്തിലൂടെ(CAP)യാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്നത്. CAP നിയമങ്ങള്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന പ്രോസ്‌പെക്ടസില്‍ വ്യക്തമാണ്.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ച അലോട്ട്‌മെന്റ് നടപടിക്രമങ്ങളുടെ ഷെഡ്യൂള്‍ അനുസരിച്ച്, ട്രയല്‍ അലോട്ട്‌മെന്റും ആദ്യത്തെ അലോട്ട്‌മെന്റും ഇതിനകം CAP നടത്തിയിട്ടുണ്ട്. വയനാട് ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 529 സീറ്റുകള്‍ മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂവെന്ന് CAP പ്രസിദ്ധീകരിച്ച ഡാറ്റയില്‍ നിന്ന് മനസ്സിലാക്കാം.

ഈ 529 സീറ്റുകളില്‍ 158 സീറ്റുകള്‍ ഹ്യുമാനിറ്റീസ് സ്ട്രീമിനും 159 സീറ്റുകള്‍ കൊമേഴ്സ് സ്ട്രീമിനും 212 സീറ്റുകള്‍ സയന്‍സ് സ്ട്രീമിനും വേണ്ടിയാണ്. സാധാരണയായി, ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും, പ്രത്യേകിച്ചും പട്ടികവര്‍ഗത്തിലെ ദുര്‍ബല വിഭാഗങ്ങളായ പണിയ, അടിയ, കാട്ടുനായിക്ക, ബെട്ടകുറുമ എന്നിവരില്‍ നിന്നുമുള്ളവര്‍ ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് പതിവ്.

അതിനാല്‍, വയനാട് ജില്ലയില്‍ നിന്നുള്ള രണ്ടായിരത്തിലധികം ആദിവാസി വിദ്യാര്‍ത്ഥികള്‍ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് സ്ട്രീമുകള്‍ക്കായി അവശേഷിക്കുന്ന തുച്ഛമായ സീറ്റുകള്‍ക്കായി മത്സരിക്കേണ്ട സ്ഥിതിയാണ് ഇവിടെയുള്ളത്.(സീറ്റുകള്‍ 158+159). ശേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ കുറെയധികം വര്‍ഷങ്ങളായി വയനാട്ടിലെ അവസ്ഥയാണിത്. ഇക്കാരണങ്ങളാല്‍ പ്രതിവര്‍ഷം നൂറുകണക്കിന് ആദിവാസി വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.

‘കുറെയേറെ നിവേദനങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ വര്‍ഷം ഇക്കാര്യം ഏറ്റെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പകരം, ഭരണകൂടത്തിന്റെ ജാതീയവും വംശീയവുമായ വിവേചനം മറച്ചുവെക്കാന്‍, സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന ഒരേയൊരു പ്രതിവിധി സ്‌പോട്ട് അലോട്ട്‌മെന്റ് മേള ആണ്.

മുഴുവന്‍ അലോട്ട്‌മെന്റ് നടപടിക്രമത്തിനും ശേഷം ശേഷിക്കുന്ന സീറ്റുകള്‍ നികത്തുന്ന പ്രക്രിയയാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. സാധാരണയായി, ഹ്യുമാനിറ്റീസ്, കൊമേഴ്സ് സ്ട്രീമുകളില്‍ സീറ്റുകളൊന്നും ആ സമയം അവശേഷിക്കില്ല. ഔദ്യോഗിക സംവിധാന പരിവാരങ്ങള്‍ക്കൊപ്പം നൂറുകണക്കിന് ആദിവാസി വിദ്യാര്‍ത്ഥികളും സ്‌പോട്ട് അലോട്ട്‌മെന്റില്‍ ഒത്തുകൂടുന്നു. സ്വകാര്യ ട്യൂട്ടോറിയല്‍ കോളേജുകളുടെ / സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് പ്രതിനിധികളെയും ഇതിന് ക്ഷണിക്കുന്നു. അവസാനമായി, നൂറുകണക്കിന് ആദിവാസി വിദ്യാര്‍ത്ഥികളെ സ്വകാര്യ പാരലല്‍ സ്ഥാപനങ്ങള്‍ക്കിടയില്‍ പങ്കിടുന്നു.

ആദിവാസി വിദ്യാര്‍ത്ഥികളെ പാരലല്‍ കോളേജുകളിലേക്ക് കൊണ്ടുപോകാന്‍ ജില്ലാ ആദിവാസി വകുപ്പ് അവരുടെ പ്രൊമോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അവര്‍ക്ക് ചിലവാക്കുന്ന ഫീസ് മടക്കി ലഭിക്കും (reimbursement) എന്ന വ്യവസ്ഥയില്‍ പാരലല്‍ കോളേജ് സ്ഥാപനങ്ങള്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ബാച്ചുകള്‍ നടത്തുന്നു. ഫീസ് റീഇംബേഴ്‌സ്‌മെന്റിലെ പരാജയം കാരണം അവരില്‍ പലരും വിദ്യാഭ്യാസം നിര്‍ത്തേണ്ടിവരുന്നതിനാല്‍ ഈ വിദ്യാര്‍ത്ഥികളുടെ അവസ്ഥ ദയനീയമാണ്.

സ്‌പോട്ട് അലോട്ട്‌മെന്റ് പ്രവേശനം ലഭിച്ച മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര സ്‌കൂളുകളില്‍ പോകേണ്ടിവരും. പലപ്പോഴും അവരുടെ ഇച്ഛയ്ക്ക് വിരുദ്ധമായി എടുക്കേണ്ട ശാസ്ത്ര വിഷയങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടി ഇരിക്കേണ്ടിവരുന്ന സ്ഥിതിയാണ് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകാറുള്ളത്. ഒന്നും രണ്ടും മാസത്തെ പാഠഭാഗങ്ങള്‍ അതിനകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ടാകുന്ന ക്ലാസുകളുമായി ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കണമെന്നില്ല. ക്രമേണ, ഇവരില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും ഡ്രോപ്പ് ഔട്ട് ചെയ്യുന്നു. ഇങ്ങനെയൊക്കെയാണ് ഈ മേഖലയിലെ അവസ്ഥകള്‍’. എം. ഗീതാനന്ദന്‍ വിശദീകരിക്കുന്നു.

പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഉന്നതപഠനത്തിന് പോകാനാഗ്രഹിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളും ജില്ലയില്‍ നേരിടുന്നത് വലിയ രീതിയിലുള്ള അവഗണനകളാണ്. വയനാട്ടില്‍ നിന്നും, അട്ടപ്പാടി പോലുള്ള മേഖലകളില്‍ നിന്നും ഉന്നതപഠനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനോ ഫീസ് അടക്കാനോ ഉള്ള സൗകര്യങ്ങള്‍ ഇല്ല എന്നത് കോളേജുകളും, യൂണിവേഴ്‌സിറ്റികളും പരിഗണിക്കാറില്ല. സ്വയംഭരണ കോളേജുകളും, യൂണിവേഴ്‌സിറ്റികളുടെ ഏകജാലക പ്രവേശനം പിന്‍തുടരുന്ന കോളേജുകളും അഡ്മിഷന്‍ സംവിധാനത്തില്‍ എസ്.സി./എസ്.ടി. സീറ്റുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാറില്ല. കൃത്യമായതും, ഏകീകൃതവുമായ ഒരു ഷെഡ്യൂള്‍ എസ്.സി./എസ്.ടി. കാറ്റഗറി അഡ്മിഷന് പാലിക്കാന്‍ സര്‍ക്കാര്‍ ഒരു ഗൈഡ്‌ലൈന്‍ ഇതുവരെ നല്‍കിയിട്ടുമില്ല.

മിക്ക സ്വയംഭരണ കോളേജുകളും ഒഴിവുള്ള സീറ്റുകള്‍ അവരുടെ വെബ്‌സൈറ്റിലോ, പത്രങ്ങളിലോ പ്രസിദ്ധീകരിക്കാറില്ല. സ്‌പോട്ട് അലോട്ട്‌മെന്റിന്റെ തലേദിവസം മാത്രം ഒരു പത്രക്കുറിപ്പ് കൊടുക്കുകയും, ഒഴിവുള്ള വിഷയങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുകയാണ് പതിവ്. അതുവഴി നിരവധി കോളേജുകള്‍ എസ്.സി./എസ്.ടി. സീറ്റുകള്‍ പൊതുവിഭാഗത്തിന് കൈമാറുന്നതാണ് പതിവ്.

ഇ-ഗ്രാന്റ്‌സ് ഉള്ള കോഴ്‌സുകള്‍ക്കുപോലും സര്‍ക്കാര്‍ അംഗീകൃത ഫീസ് കൂടാതെ പല കോളേജുകളും 5000 രൂപ മുതല്‍ 10,000 രൂപവരെ കുട്ടികളോട് അടക്കാന്‍ നിര്‍ബന്ധിക്കുന്ന പതിവുമുണ്ട്. ഈ തുക നല്‍കാന്‍ സാധിക്കാതെ പഠനമവസാനിപ്പിക്കേണ്ട സ്ഥിതിയുമുണ്ട്.

ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാലും മിക്ക ജില്ലകളിലും എസ്.സി/എസ്.ടി. വിദ്യാര്‍ത്ഥികള്‍ പ്രയാസം നേരിടുന്നുണ്ട്. കൊച്ചി പോലുള്ള മെട്രോ നഗരങ്ങളില്‍ ഹോസ്റ്റലുകള്‍ക്ക് പകരം അനാവശ്യനിര്‍മ്മിതികളാണ് കോടികള്‍ മുടക്കി ട്രൈബല്‍ വകുപ്പ് പണിതിരിക്കുന്നതെന്നും ഉള്ള ഹോസ്റ്റലുകള്‍ തുറക്കുന്നുമില്ലെന്നും ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതിനാല്‍ തന്റെ നിരവധി സുഹൃത്തുക്കള്‍ പഠനം അവസാനിപ്പിച്ച് തിരിച്ചുപോയെന്നുമാണ് ഇടമലക്കുടി സ്വദേശിയും എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയുമായ രാമചന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘ഉന്നതപഠനത്തിന് വയനാട് ജില്ല വിട്ട് പുറത്തുപോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോര്‍പസ് ഫണ്ടില്‍ നിന്നും 5000 രൂപ ധനസഹായം ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭിച്ചില്ല. വിദ്യാര്‍ത്ഥികള്‍ രാജ്ഭവന്‍ മാര്‍ച്ച് ഉള്‍പ്പെടെ ചെയ്തതിന് ശേഷമാണ് 2000 രൂപയെങ്കിലും പിന്നീട് അധികൃതര്‍ നല്‍കിയത്.’ എം. ഗീതാനന്ദന്‍ പറയുന്നു.

‘കൊവിഡ് സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നപ്പോള്‍ ഓണ്‍ലൈന്‍ പഠന സൗകര്യം എല്ലാവര്‍ക്കും നല്‍കിയതായി ഹൈക്കോടതിയെ പട്ടികജാതി / പട്ടികവര്‍ഗ്ഗവകുപ്പ് തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണ്. കൊറോണ സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി എന്തെങ്കിലും പിന്തുണ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്നില്ല. കൊറോണ കാലത്ത് കൊച്ചിയില്‍ അകപ്പെട്ട ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് വയനാട്ടില്‍ തിരിച്ചെത്താന്‍ യാത്രാസൗകര്യം ചോദിച്ചപ്പോള്‍, ‘പോയതുപോലെ തിരിച്ചുവരാനാണ്’ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കൊറോണ കാലത്തും ഡിഗ്രി/പി.ജി. അഡ്മിഷന് വേണ്ടി ഇന്റര്‍വ്യൂകളും ടെസ്റ്റും കോളേജുകള്‍ നടത്തുന്നുണ്ട്. വളരെ പെട്ടെന്നാണ് അറിയിപ്പ് വരുന്നത്. എം.എസ്.ഡബ്ല്യു. വിന് കോഴിക്കോട് ദേവഗിരി കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ വാഹനസൗകര്യം ഏര്‍പ്പാടാക്കാനുള്ള അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ കുട്ടികളുടെ വാസസ്ഥലമായ കോളനിയിലേക്ക് ആംബുലന്‍സ് അയയ്ക്കുകയാണ് ചില ട്രൈബല്‍ ഉദ്യോഗസ്ഥര്‍ ചെയ്തത്. ആദിവാസി വിഭാഗത്തോട് അധികാരികള്‍ തുടരുന്ന വംശീയ സമീപനത്തിന്റെ ഭാഗമാണിത്.’ എം. ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ വിദ്യാഭ്യാസ നയം വരുന്നതിന് മുന്‍പ് തന്നെ ആദിവാസി-ദലിത് വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ ഇത്രയ്ക്ക് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മത്സരാധിഷ്ഠിതമായ പുതിയ സംവിധാനം വരുന്നതോടെ അവഗണന ശക്തിപ്പെടും എന്ന ആശങ്കയാണ് ആദിവാസി വിഭാഗങ്ങളില്‍ നിന്നുയരുന്നത്.

വയനാട്ടിലെ ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അവഗണകള്‍ക്ക് പരിഹാരം കാണുന്നതിനായി ആദിശക്തി സമ്മര്‍ സ്‌കൂള്‍ മുന്നോട്ടുവെയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.

1- പട്ടികവര്‍ഗ്ഗ ജനസംഖ്യ കൂടുതലുള്ള സ്‌കൂളുകളിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി മാത്രമുള്ള പ്രത്യേക ബാച്ചുകള്‍ (ഉദാഹരണത്തിന്, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, മനന്തവാടി, കല്‍പറ്റ തുടങ്ങിയ ടൗണ്‍ഷിപ്പുകളില്‍ ബസ് സര്‍വീസ് വഴി യാത്ര സാധ്യമാണ്, കൂടാതെ ഗോത്രവര്‍ഗ്ഗ ജനസംഖ്യ കൂടുതലുള്ള മറ്റ് പല പഞ്ചായത്തുകളും പരിഗണിക്കണം). ഈ പ്രക്രിയയിലൂടെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. നിലവിലെ ബാച്ചുകളില്‍ എണ്ണം വര്‍ദ്ധിപ്പിച്ചതുകൊണ്ട് മാത്രം അവശേഷിക്കുന്ന ധാരാളം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കില്ല. കേരള സര്‍ക്കാര്‍ ഇതിനകം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി എം.ആര്‍.എസ്, ആശ്രമ സ്‌കൂളുകള്‍ തുടങ്ങിയ സ്‌കൂളുകള്‍ നടത്തുന്നുണ്ട്.

നിലവില്‍ അധികൃതര്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ സ്വകാര്യ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകമായി ക്ലാസുകള്‍/ബാച്ചുകള്‍ ഉള്ള പാരലല്‍ കോളേജുകളിലേക്ക് അയക്കുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ നടത്തുന്ന പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ പ്രത്യേക എസ്.സി/എസ്.ടി ബാച്ചുകളും കോഴ്സും നടത്തുന്ന സംഭവങ്ങളുണ്ട്. ഐ.ടി.ഐ/ഐ.ടി.സി പോലുള്ള നിരവധി സാങ്കേതിക സ്ഥാപനങ്ങളും എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ബാച്ചുകള്‍ നടത്തുന്നു. അതിനാല്‍, ഈ വിദ്യാര്‍ത്ഥികളെ പൊതുധാരയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഏത് വാദവും തള്ളിക്കളയേണ്ടതുണ്ട്. മറ്റ് ജില്ലകളിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി നീക്കിവെച്ചിരിക്കുന്ന അധിക സീറ്റുകള്‍ ഉപയോഗിച്ച് പ്രത്യേക ബാച്ചുകള്‍ നടപ്പിലാക്കാന്‍ കഴിയും. പട്ടികവര്‍ഗ്ഗക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്ന സീറ്റുകള്‍ പൊതുവിഭാഗത്തിലേക്ക് തിരിച്ചു വിടാന്‍ പാടില്ല.

2- മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നത് പട്ടികവര്‍ഗ്ഗ വിഭാഗത്തിന് വേണ്ടി മാത്രമുള്ളതാണ്. ഇവിടെ നിലവില്‍ ഒരു ക്ലാസിന്റെ ശരാശരി ശക്തി 30-35 ആണ്. ഈ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് (ഹ്യൂമാനിറ്റീസ്- ന് 50 വരെ) പുറമേ മുകളില്‍ നിര്‍ദ്ദേശിച്ചത് പോലെ അധിക ബാച്ചുകള്‍ നിലവിലുള്ള എം.ആര്‍.എസ് സ്‌കൂളുകളിലെ ഡേ സ്‌കോളര്‍സിനായ് അവതരിപ്പിക്കാം. അധിക ഡേ സ്‌കോളര്‍ ബാച്ചുകള്‍ ഒരു തരത്തിലും സ്‌കൂളിന്റെ പാര്‍പ്പിട സ്വഭാവത്തെ തകര്‍ക്കുന്നില്ല. അധികം ഉപയോഗപ്രദം ആക്കാത്ത എല്ലാ സ്‌കൂളുകളിലും മതിയായ അടിസ്ഥാന സൗകര്യങ്ങളുണ്ട്.

3- മറ്റ് ജില്ലകളിലെ എല്ലാ സ്‌കൂളുകളിലും പൂരിപ്പിച്ചിട്ടില്ലാത്ത റിസര്‍വ് ചെയ്ത സീറ്റുകള്‍ ഉണ്ട്. ഹോസ്റ്റല്‍ സൗകര്യങ്ങളുണ്ടെങ്കില്‍ ഷെഡ്യൂള്‍ഡ് ട്രൈബ് വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും ബിരുദ/പി.ജി വിദ്യാഭ്യാസത്തിനും പോകാന്‍ തയ്യാറാണ്. വയനാട്ടിലെ കുറച്ച് വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കായി എറണാകുളത്ത് പഠിക്കുന്നുണ്ട്. കേരളത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരിക്കുന്ന സീറ്റുകള്‍ ചിലപ്പോള്‍ ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് ഫില്‍് ചെയ്യുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളില്‍ ചേരാന്‍ കഴിയുമെങ്കില്‍, അട്ടപ്പാടി പോലുള്ള വിദൂര/വനമേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആദിവാസി വകുപ്പിന്റെ പിന്തുണ നല്‍കിയാല്‍ മറ്റ് ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ ചേരാന്‍ തയ്യാറാകും.

4- വയനാട്ടിലും മറ്റ് ജില്ലകളിലും ഹോസ്റ്റല്‍ സൗകര്യങ്ങളുടെ അഭാവം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്. ആവശ്യമായ ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

\

Content Highlight: Stop Racial Discrimination in Education – Tribal Students of Wayanad Protests

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍