ന്യൂദല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
കൊവിഡില്‍ നിന്ന് വലിയ പ്രയാസപ്പെട്ടാണ് രാജ്യം കരകയറുന്നതെന്നും പുതിയ വകഭേദം രാജ്യത്ത് എത്താതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം വന്‍ ഭീഷണിയാണെന്ന് നേരത്തെ ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.
യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്.
കൂടുതല്‍ വ്യാപനശേഷി, കൊവിഡ് നേരത്തെ വന്നവരെ വീണ്ടും ബാധിക്കാനുള്ള സാധ്യത, വാക്സിന്‍ പ്രതിരോധത്തെ കവച്ചു വെക്കാനുള്ള ശേഷി എന്നിവയാണ് ഒമിക്രോണിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്.
ഒമിക്രോണിന്റെ പ്രോട്ടീന്‍ സ്ട്രാന്റ് നിലവിലെ കൊറോണ വൈറസില്‍ നിന്നും വളരെയധികം വ്യത്യസ്തമാണ്. നിലവിലെ കൊറോണ വൈറസിന്റെ ഘടനയ്ക്കനുസരിച്ചാണ് പ്രതിരോധ വാക്സിനുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ഇക്കാരണമെന്നുകൊണ്ട് മാത്രം ആശങ്ക വളരെ വലുതാണെന്നാണ് യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നത്.