ലൊക്കേഷന്‍ നേർക്ക് കല്ലേറ്: രജനി ചിത്രം 'ദർബാറി'ന്റെ ഷൂട്ടിംഗ് തടസ്സപ്പെട്ടു
മുംബൈ: രജനീകാന്ത് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ‘ദർബാറി’ന്റെ ചിത്രീകരണം മുംബൈയിൽ തടസപ്പെട്ടു. ഷൂട്ടിംഗ് നടക്കുന്ന കോളജിൽ സിനിമാ ചിത്രീകരണ സംഘം കർശന നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കല്ലെറിഞ്ഞപ്പോഴാണ് ചിത്രീകരണം തടസ്സപ്പെട്ടത്.
ചിത്രീകരണത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തുന്നത് ചിത്രീകരണ സംഘം തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച് കെട്ടിടങ്ങളുടെ മുകളിൽനിന്നു വിദ്യാർഥികൾ കല്ലുകൾ എറിഞ്ഞു. കല്ലുകളിൽ ചിലത് ക്രൂവിന്റെ ശരീരത്തിൽ പതിക്കുകയും ചെയ്തു. സംഭവത്തിൽ സംവിധായകൻ എ.ആർ. മുരുഗദോസ് സ്കൂൾ മാനേജ്മെന്റിനോടു പരാതിപ്പെട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ കോളജിൽ നിന്നും മാറ്റാനാണ് നിർമ്മാതാക്കൾ ആലോചിക്കുന്നത്.
‘ദർബാറി’ൽ നയൻതാരയാണ് നായികയായി എത്തുന്നത്. രജനിയുടെ 16ആം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. എസ്.ജെ. സൂര്യ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നു.1992ൽ പുറത്തിറങ്ങിയ ‘പാണ്ഡ്യൻ’ എന്ന സിനിമയിലാണ് രജനി അവസാനമായി പോലീസ് വേഷത്തിൽ എത്തിയത്. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.