പത്തനംതിട്ട: ഇലന്തൂരില്‍ നരബലിയുടെ പേരില്‍ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ നരഭോജികളെന്ന് പൊലീസ്. കൊല്ലപ്പെട്ട ഇരകളുടെ ശരീരഭാഗങ്ങള്‍ പ്രതികള്‍ കറിവെച്ച് ഭക്ഷിച്ചെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് ശേഷം പത്മയുടെയും റോസ്‌ലിയുടെയും മൃതദേഹത്തില്‍നിന്ന് അറുത്തെടുത്ത മാംസം പ്രതികള്‍ പ്രത്യേകം മാറ്റിവെച്ചിരുന്നു. രണ്ട് മൃതദേഹങ്ങളും വീട്ടുവളപ്പില്‍ കുഴിച്ചിട്ട ശേഷമാണ് ആയുസ് കൂട്ടാന്‍ മാറ്റിവെച്ച മാംസം പാചകം ചെയ്ത് കഴിക്കണമെന്ന് ഷാഫി നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്.
ഇതിനായി മാംസം പൂജ ചെയ്തതിന് ശേഷമാണ് ഷാഫി ദമ്പതികള്‍ക്ക് നല്‍കിയത്. കൊല നടത്തിയ അന്നുതന്നെ ഇരുവരുടെയും മാംസം സ്വന്തം വീട്ടില്‍ പാകം ചെയ്ത് ലൈലയും ഭഗവല്‍സിങും ഭക്ഷിക്കുകയായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
കേസില്‍ പ്രതിയായ മുഹമ്മദ് ഷാഫിക്കെതിരെ എട്ടോളം കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു. മുഹമ്മദ് ഷാഫി എന്നയാള്‍ ശ്രീദേവി എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് ഇയാള്‍ ഹൈക്കു കവി ഭഗവല്‍ സിങുമായി ബന്ധം ഉണ്ടാക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇയാള്‍ വിശ്വാസം നേടിയെടുക്കുകയായിരുന്നു.
അതേസമയം, കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ കണ്ടെടുത്തിരുന്നു. ഭഗവല്‍ സിങിന്റെ വീട്ടുവളപ്പില്‍ തന്നെ കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങള്‍. വീടിന്റെ തെക്ക് വശത്ത് മരങ്ങളുടെ ഇടയിലായി കുഴിയിലായിരുന്നു പത്മത്തെ കുഴിച്ചിട്ടത്. കിഴക്ക് ഭാഗത്ത് നിന്നായിരുന്നു റോസിലിയുടെ മൃതദേഹം കണ്ടെടുത്തത്.
തിരുവല്ലയിലെ ദമ്പതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരും പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ അറസ്റ്റിലായത്.