പൗരന്മാരുടെ അവകാശമില്ലാതാക്കാനുള്ള അവസരമല്ല കൊവിഡ്; ഓവര്‍ടൈമിന് കൂലി നിഷേധിച്ച ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി
Labour Exploitation
പൗരന്മാരുടെ അവകാശമില്ലാതാക്കാനുള്ള അവസരമല്ല കൊവിഡ്; ഓവര്‍ടൈമിന് കൂലി നിഷേധിച്ച ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st October 2020, 10:08 pm

അഹമ്മദാബാദ്: മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പൗരന്മാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള അവസരമല്ലെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി.

മഹാമാരിയെ പബ്ലിക്ക് എമര്‍ജന്‍സിയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഫാക്ടറി തൊഴിലാളികള്‍ക്ക് ഓവര്‍ടൈമിന് അനുവദിക്കുന്ന അധിക വേതനം ഒഴിവാക്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവിലായിരുന്നു കോടതിയുടെ വിധി.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസത്തിലെ ഓവര്‍ടൈമിനുള്ള വേതനമാണ് തൊഴിലാളികള്‍ക്ക് നിഷേധിച്ചത്. പബ്ലിക്ക് എമര്‍ജന്‍സി ചട്ടം ഉപയോഗിച്ചുകൊണ്ടായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ ഈ ഉത്തരവ് പുറത്തിറക്കിയത്.

ഫാക്ടറീസ് ആക്റ്റിലെ സെഷന്‍ 5 ഉപയോഗിച്ചുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങള്‍ അട്ടിമറിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ട്രേഡ് യൂണിയനുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

”കൊവിഡ് 19നെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ഏതെങ്കിലും വിധത്തില്‍ ബാധിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് അത് ക്രമസമാധാനത്തിനും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യമുണ്ടാക്കുന്നുള്ളൂ.

എന്നാല്‍ ഇവിടെ അത്തരത്തിലൊന്നു നടന്നിട്ടില്ല”, 41 പേജുള്ള വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു ക്ഷേമരാഷ്ട്രം ഇത്തരത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് വിരോധാഭാസമാണെന്നും ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

തൊഴിലാളികള്‍ കടുത്ത ബുദ്ധിമുട്ടിലൂടെ പോകുന്ന സമയത്ത് അവരെ സംരക്ഷിക്കുന്നതിന് പകരം അവരുടെ സാഹചര്യങ്ങള്‍ കൂടുതല്‍ കഠിനമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വിധിപ്രസ്താവത്തില്‍ ഡി.വൈചന്ദ്രചൂഡ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: State can’t term economic decline due to pandemic a public emergency supreme court