Kerala News
നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധി; സുപ്രീം കോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 17, 05:21 am
Monday, 17th July 2023, 10:51 am

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്ത് കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍. നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന വിധിക്കെതിരെയാണ് ശ്രീറാം അപ്പീല്‍ ഫയല്‍ ചെയ്തത്.

നരഹത്യ കുറ്റം ചുമത്താനുള്ള വസ്തുതകള്‍ ഇല്ലെന്ന് ശ്രീറാം വെങ്കിട്ട രാമന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഏപ്രില്‍ 13നായിരുന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ റിവിഷന്‍ ഹരജി അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിക്കൊണ്ട് വിചാരണ നടപടികളുമായി മുന്നോട്ട് പോകാനായിരുന്നു തിരുവനന്തപുരം സെഷന്‍സ് കോടതി തീരുമാനിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന നിലപാടായിരുന്നു എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ രൂക്ഷമായ മദ്യത്തിന്റെ ഗന്ധം ശ്രീറാം വെങ്കിട്ടരാമനില്‍ ഉണ്ടായിരുന്നുവെന്ന ഡോക്ടറുടെ മൊഴി സെഷന്‍സ് കോടതി പരിഗണിച്ചിരുന്നില്ല. അതിനാലാണ് നരഹത്യക്കുറ്റം ഒഴിവാക്കുന്ന സാഹചര്യമുണ്ടായത്. സെഷന്‍സ് കോടതി പരിഗണിക്കാതിരുന്ന കാര്യങ്ങളെല്ലാം മുന്നോട്ട് വെച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് 2019 ആഗസ്റ്റ് മൂന്നിനാണ് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു ബഷീര്‍.