ബെംഗളൂരു: രാജ്യത്തെ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ശബരിമല ഭക്തരെ ചൂഷണം ചെയ്യുന്നുവെന്ന് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക്. ദൈവത്തില്‍ വിശ്വാസമില്ലാത്ത നിരീശ്വരവാദികളുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രമോദ് മുത്തലിക് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയില്‍ ഒരു കോടിയോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടെന്നും ഓരോ വാഹനത്തിനും 40 രൂപ വീതം സര്‍ക്കാര്‍ ഈടാക്കുന്നുണ്ടെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. ഇത്തരത്തില്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് 3,000 കോടിയിലധികം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ശബരിമലയിലെ സൗകര്യങ്ങളിലെ വികസനത്തിനായി പണം ചെലവാക്കുന്നില്ലെന്നും പ്രമോദ് കുറ്റപ്പെടുത്തി.
ദക്ഷിണേന്ത്യയിലെ അയ്യപ്പക്ഷേത്രം തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തോളം പ്രസിദ്ധമാണെന്നും ആറ് സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് കോടിയോളം ഭക്തർ ശബരിമല സന്ദർശിക്കുന്നുണ്ടെന്ന് പ്രമോദ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശബരിമലയിലെ സൗജന്യ ഭക്ഷണ വിതരണം മുമ്പത്തെ പോലെ പുനരാരംഭിക്കണമെന്നും വാഹങ്ങളുടെ പാര്‍ക്കിങ് സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. ഭക്തര്‍ക്കുള്ള ജലലഭ്യത, കുളിമുറി സൗകര്യം അടങ്ങുന്ന അടിസ്ഥാന വിഷയങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രാധികാരികളെ സംസ്ഥാന സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും പ്രമോദ് മുത്തലിക് ആരോപിച്ചു. കേരളത്തിലെ ശബരിമല ഭക്തര്‍ക്ക് കര്‍ണാടക പിന്തുണ നല്‍കണമെന്നും ശ്രീരാമസേന അധ്യക്ഷന്‍ ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഭക്തര്‍ക്ക് സൗകര്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Sri Ramasena president says that Muslims and Christians are exploiting Sabarimala devotees