അമ്പരപ്പില്‍ നിന്നും വിട്ടുമാറാതെ വാ പൊളിച്ച് ഓസ്‌ട്രേലിയ; ഐ.സി.സി പോലും കയ്യടിച്ച നിമിഷം
Sports News
അമ്പരപ്പില്‍ നിന്നും വിട്ടുമാറാതെ വാ പൊളിച്ച് ഓസ്‌ട്രേലിയ; ഐ.സി.സി പോലും കയ്യടിച്ച നിമിഷം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th June 2022, 2:47 pm

കഴിഞ്ഞ ദിവസമായിരുന്നു ഓസ്‌ട്രേലിയ -ശ്രീലങ്ക ഏകദിന പരമ്പര അവസാനിച്ചത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ആഭ്യന്തരപ്രശ്‌നങ്ങള്‍ കൊണ്ട് കലുഷിതമാവുകും ചെയ്ത സാഹചര്യത്തിലായിരുന്നു പരമ്പരയെന്നതും ശ്രദ്ധേയമാണ്.

3-2ന് സന്ദര്‍ശകര്‍ പരമ്പര പരാജയപ്പെട്ടെങ്കിലും മനസ് നിറഞ്ഞായിരിക്കും അവര്‍ ശ്രീലങ്ക വിട്ടത് എന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. ക്രിക്കറ്റിനെ ഇത്രയധികം സ്‌നേഹിച്ച ഒരു രാജ്യത്ത് നിന്നും ക്രിക്കറ്റ് സ്പിരിറ്റിനെ ആവോളം ഉള്‍ക്കൊണ്ടാണ് കങ്കാരുപ്പട സിംഹളരുടെ സ്‌നേഹത്തിന് മുമ്പില്‍ ശിരസു കുനിച്ചത്.

ശ്രീലങ്കയില്‍ ഇത്രത്തോളം സംഭവവികാസങ്ങള്‍ നടക്കുമ്പോള്‍ പര്യടനത്തിനെത്തിയ ഓസീസിനോടുള്ള നന്ദി ശ്രീലങ്കയിലെ ആരാധരകര്‍ വ്യക്തമാക്കിയ നിമിഷത്തിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

ശ്രീലങ്കയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ കരിനീലയില്‍ മുങ്ങിക്കുള്ളിച്ചിരുന്ന കൊളംബോ പ്രേമദാസ സ്‌റ്റേഡിയം പൊടുന്നനെ മഞ്ഞവസന്തത്തിന് വഴിമാറുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ജേഴ്‌സിയണിഞ്ഞ്, താങ്ക് യൂ ഓസ്‌ട്രേലിയ എന്ന ബാനറുയര്‍ത്തിയാണ് ശ്രീലങ്കന്‍ ആരാധകര്‍ ഓസീസ് പടയെ മടക്കിയയച്ചത്.

സ്റ്റാന്‍ഡിങ് ഓവേഷന്‍ നല്‍കിയാണ് ആരാധകര്‍ ഓസ്‌ട്രേലിയയോടുള്ള തങ്ങളുടെ നന്ദിയും കടപ്പാടും വ്യക്തമാക്കിയത്.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരും എന്തിന് ഐ.സി.സി പോലും ശ്രീലങ്കന്‍ ആരാധരെ അഭിനന്ദിച്ചിരുന്നു.

‘നീലക്കടല്‍ ഒരുനിമിഷം മഞ്ഞയായി മാറി, ശ്രീലങ്കന്‍ ആരാധകരുടെ അതിമനോഹരമായ നന്ദി പ്രകടനം’ എന്നായിരുന്നു ഐ.സി.സി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത്.


ശ്രീലങ്കന്‍ ആരാധകരുടെ പ്രവര്‍ത്തിയില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പോലും അമ്പരന്ന് നിന്നിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലും മറ്റുള്ളവരും ഗ്രൗണ്ടിന് ചുറ്റും നടന്ന് ആരാധകരോടുള്ള തങ്ങളുടെ സ്‌നേഹവും വെളിവാക്കിയിരുന്നു.

‘ഞങ്ങള്‍ സാധാരണ ശത്രുക്കളാണ്. എന്നാല്‍ അഞ്ചാം ഏകദിനത്തിന ശേഷം കൊളംബോയില്‍ നടന്ന സംഭവങ്ങള്‍ അവിശ്വസനീയമായിരുന്നു. പര്യടനത്തിന് ശ്രീലങ്കന്‍ ആരാധകര്‍ നന്ദി അറിയിച്ചപ്പോള്‍ അത് ഗ്ലെന്‍ മാക്‌സ്‌വെല്‍ അടക്കമുള്ള താരങ്ങളെ അമ്പരപ്പിച്ചു,’ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തു.

അഞ്ചാം ഏകദിനത്തിന് മുമ്പേ തന്നെ ശ്രീലങ്ക പരമ്പര സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 43.1 ഓവറില്‍ 160 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കല്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചടക്കുകയായിരുന്നു.

 

 

Content Highlight: Sri Lankan fans thanks to Cricket Australia