Advertisement
Kerala News
'സഹോദരസ്‌നേഹം മനസിലാകണമെങ്കില്‍ മനുഷ്യനാകണം, അമിത് ഷാ ആയിട്ട് കാര്യമില്ല'; ഓം ബിര്‍ളക്കെതിരെ സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 28, 01:50 pm
Friday, 28th March 2025, 7:20 pm

പാലക്കാട്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അവഹേളിച്ച സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ജി. വാര്യര്‍. രാഹുല്‍ ഗാന്ധിയെ അവഹേളിച്ചതിലൂടെ ഓം ബിര്‍ള ജനാധിപത്യത്തെയാണ് അപഹസിച്ചതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.

‘കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഒരു കാരണവുമില്ലാതെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ വ്യക്തിപരമായി അവഹേളനം ചെയ്യുന്നതാണ് കണ്ടത്. പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം സംബന്ധിച്ച് പരാമര്‍ശം നടത്താന്‍ വേണ്ടി മാത്രം സഭയ്ക്ക് അകത്ത് കയറിവന്ന് വിമര്‍ശനം നടത്തിയതിനുശേഷം മറുപടി പറയാനുള്ള അവസരം പോലും നല്‍കാതെ സഭ പിരിച്ചുവിട്ട് ഇറങ്ങിപ്പോയ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നമ്മുടെ ജനാധിപത്യത്തെയാണ് അപഹസിക്കുന്നത്,’ സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.

ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത മാളവ്യ ഒരു വീഡിയോ പുറത്തുവിട്ടത്തോടെയാണ് രാഹുല്‍ ഗാന്ധിയെ അവഹേളിക്കാന്‍ ബിര്‍ളയെ പ്രകോപിപ്പിച്ചത് എന്താണെന്ന് മനസിലായതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സഭയ്ക്കകത്തേക്ക് കയറിവരുന്ന രാഹുല്‍ ഗാന്ധി അവിടെ ഇരിക്കുന്ന സഹോദരി പ്രിയങ്കാ ഗാന്ധിയുടെ കവിളത്ത് സ്‌നേഹത്തോടെ സ്പര്‍ശിക്കുന്ന ഒരു രംഗമാണ് ബി.ജെ.പി പുറത്തുവിട്ടത്. എന്താണ് അതില്‍ തെറ്റുള്ളത് എന്ന് മനസിലാകുന്നില്ലെന്നും സന്ദീപ് പറഞ്ഞു.

പാര്‍ലമെന്റ് എന്ന് പറയുന്നത് കേവലം ഒരു കോണ്‍ക്രീറ്റ് നിര്‍മിതി മാത്രമാണോയെന്നും ഭരണഘടന കേവലം വകുപ്പുകളും ചട്ടങ്ങളും ഒക്കെ രേഖപ്പെടുത്തിയ ഒരു പുസ്തകം മാത്രമാണോയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. ആത്യന്തികമായി മാനുഷിക വികാരങ്ങള്‍ക്ക് ഈ രാജ്യത്ത് ഒരു വിലയുമില്ലേ? ഒരു സഹോദരന് സഹോദരിയോട് പാര്‍ലമെന്റിനകത്ത് സ്‌നേഹത്തോടെ പെരുമാറാന്‍ പാടില്ലേ? അത് തടയുന്ന എന്ത് നിയമമാണ് ഈ രാജ്യത്തുള്ളതെന്നും സന്ദീപ് ചോദ്യമുയര്‍ത്തി.

ഇനി അങ്ങനെയൊരു നിയമമുണ്ടെങ്കില്‍ തന്നെ അത് ശരിയാണോയെന്നും മാനുഷിക വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത മനുഷ്യര്‍ എങ്ങനെയാണ് ഈ രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് വേണ്ടി നിയമനിര്‍മാണം നടത്താന്‍ പോകുന്നതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.


‘നിങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ എതിര്‍ക്കാം, കളിയാക്കാം, ആക്ഷേപിക്കാം. പക്ഷേ അതിനപ്പുറം നിങ്ങള്‍ ആ ദൃശ്യം ഒന്ന് കണ്ട് നോക്കൂ… എത്ര ഹൃദയസ്പര്‍ശിയാണ്. ഒരു സഹോദരന്‍ സഹോദരിയുടെ കവിളത്ത് സ്‌നേഹത്തോടെ തലോടുന്ന ദൃശ്യം. അത് മനസിലാകണമെങ്കില്‍ മനുഷ്യനാകണം. അമിത്ഷാ ആയിട്ട് കാര്യമില്ല,’ സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.

മാര്‍ച്ച് 26നാണ് വിമര്‍ശനത്തിന് ആസ്പദമായ സംഭവം നടന്നത്. സഭയിലെത്തിയ രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ കവിളത്ത് സ്‌നേഹത്തോടെ തലോടുന്ന ദൃശ്യമാണ് ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ അമിത് മാളവ്യ പുറത്തുവിട്ടത്. ഈ വീഡിയോയില്‍ ഇരുവരും സ്‌നേഹത്തോടെ കൈകൊടുക്കുന്നതും കാണാവുന്നതാണ്.

ഇതില്‍ പ്രകോപിതനായാണ് ഓം ബിര്‍ള രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചതും സഭ പിരിച്ചുവിട്ടതും. എന്നാല്‍ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

സുഗമമായി നടന്നിരുന്ന ശൂന്യവേളയിലെ നടപടി ക്രമങ്ങളെ സ്പീക്കറാണ് കാര്യകാരണങ്ങളില്ലാതെ തടസപ്പെടുത്തിയതെന്ന് ടി.എം.സി എം.പിയായ മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടിയിരുന്നു. കോമഡി ഷോകളില്‍ പോലും ഇത്തരത്തിലുള്ള നീക്കങ്ങളുണ്ടാകില്ലെന്നും മഹുവ പരിഹസിച്ചിരുന്നു.

ബി.ജെ.പിയുടെ എക്‌സ് പോസ്റ്റിന് താഴെയും രൂക്ഷമായ വിമര്‍ശനമാണ് ഓം ബിര്‍ളക്കെതിരെ ഉയര്‍ന്നത്. സ്പീക്കറുടെ പരാമര്‍ശങ്ങളില്‍ എന്ത് കഴമ്പാണുള്ളത്? ബി.ജെ.പിയുടെ ദയനീയമായ അന്തസ് തുടങ്ങിയ പ്രതികരണങ്ങളാണുള്ളത്.

Content Highlight: Sandeep varier hits out at Speaker Om Birla for personally insulting Rahul Gandhi