World News
ശ്രീലങ്കയില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതു നിരോധിച്ചു; ഉത്തരവ് സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 29, 03:38 am
Monday, 29th April 2019, 9:08 am

കൊളംബോ: സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതു നിരോധിച്ചു. ഇന്നുമുതല്‍ ഇക്കാര്യം നിലവില്‍വന്നു.

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണു തീരുമാനമെന്നും തിരിച്ചറിയുന്നതിനു തടസ്സമാവുന്ന തരത്തില്‍ മുഖം മറയ്ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ നിഖാബും ബുര്‍ഖയും ഉള്‍പ്പെടും.

2.10 കോടി ജനസംഖ്യയുള്ള രാജ്യത്ത് 10 ശതമാനം മുസ്ലീങ്ങളുണ്ട്. ഇതില്‍ വളരെച്ചെറിയ വിഭാഗം സ്ത്രീകള്‍ മാത്രമാണ് നിഖാബ് ധരിക്കുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് കത്തോലിക്കാ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനപരമ്പരയില്‍ 253 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘടനയായ ഐ.എസ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) എന്ന സംഘടനയാണ് ഇതിനുത്തരവാദികള്‍ എന്ന നിലപാടാണ് ശ്രീലങ്കന്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.