ഒരു കൊല്ലം കൊണ്ട് പലതും പഠിച്ചു; ഇനി ക്രിക്കറ്റിനല്ല രാഷ്ട്രീയത്തിനാണ് ഒന്നാം സ്ഥാനം; അമിത് ഷായെ കണ്ടതിന് പിന്നാലെ നിലപാടറിയിച്ച് ശ്രീശാന്ത്
Kerala
ഒരു കൊല്ലം കൊണ്ട് പലതും പഠിച്ചു; ഇനി ക്രിക്കറ്റിനല്ല രാഷ്ട്രീയത്തിനാണ് ഒന്നാം സ്ഥാനം; അമിത് ഷായെ കണ്ടതിന് പിന്നാലെ നിലപാടറിയിച്ച് ശ്രീശാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2017, 2:08 pm

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന എസ്. ശ്രീശാന്ത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.

വ്യക്തി ജീവിതത്തില്‍ ഇനി രാഷ്ട്രീയത്തിനാണ് ഒന്നാം സ്ഥാനമെന്ന് ശ്രീശാന്ത് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല ശ്രീശാന്ത്. എന്നാല്‍, അമിത് ഷായുമായും സംഘടനാ ജനറല്‍ സെക്രട്ടറി രാംലാലുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു ശ്രീശാന്ത്.


Dont Miss എം.എം മണി എന്നെ കണ്ടിട്ടുപോലുമില്ല; എന്നിട്ടും താന്‍ കയ്യേറ്റക്കാരനല്ലെന്ന് അദ്ദേഹം വാദിച്ചു: ‘മണി ആശാന്’ നന്ദി പറഞ്ഞ് ടോം സഖറിയ 


ഇതിന് പിന്നാലെ തിരുവനന്തപുരത്ത് ബി.ജെ.പി സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടിയില്‍ പങ്കെടുത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ശ്രീശാന്ത് തുടക്കമിടുകയും ചെയ്തു.

പാര്‍ട്ടി നല്‍കുന്നത് മികച്ച അവസരമാണെന്നും യുവാക്കളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ശ്രീശാന്ത് പറഞ്ഞു.

ഒരു കൊല്ലം കൊണ്ട് താന്‍ പലതും പഠിച്ചു. ക്രിക്കറ്റില്‍ നിന്നുള്ള വിലക്ക് കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.