Entertainment
ഒടുവില്‍ എ.ആര്‍. റഹ്‌മാനും അനിരുദ്ധും നേരിട്ട് ക്ലാഷിനൊരുങ്ങുന്നു, പക്ഷേ തമിഴിലല്ലെന്ന് മാത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 07, 03:09 am
Monday, 7th April 2025, 8:39 am

ഇന്ത്യന്‍ സിനിമാസംഗീതത്തില്‍ ഏറ്റവുമധികം ആരാധകരുള്ള സംഗീതസംവിധായകനാണ് എ.ആര്‍. റഹ്‌മാന്‍. 33 വര്‍ഷമായി സിനിമാലോകത്ത് തന്റെ അപ്രമാദിത്വം റഹ്‌മാന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്. തനിക്ക് മുമ്പേയുള്ള സംഗീതസംവിധായകരുമായും തനിക്ക് ശേഷം വന്നവരുമായും പലപ്പോഴും റഹ്‌മാനെ ആളുകള്‍ താരതമ്യപ്പെടുത്തുകയാണ്. ഇന്നും പഴയ അതേ ഫോമില്‍ റഹ്‌മാന്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ മദ്രാസിന്റെ മൊസാര്‍ട്ടിന് സാധിക്കുന്നുണ്ട്.

നിലവില്‍ എ.ആര്‍. റഹ്‌മാനെ പലരും താരതമ്യം ചെയ്യുന്നത് അനിരുദ്ധ് രവിചന്ദ്രനുമായിട്ടാണ്. ചെയ്യുന്ന പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്റേഴ്‌സാക്കുന്ന അനിരുദ്ധിനെ പലരും എ.ആര്‍. റഹ്‌മാനെക്കാള്‍ മികച്ചതെന്ന് വാഴ്ത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ റഹ്‌മാന്‍- അനിരുദ്ധ് ഫാന്‍സുകള്‍ തമ്മിലുള്ള പോരാട്ടവും പലപ്പോഴും കാണാന്‍ സാധിക്കാറുണ്ട്.

ഇപ്പോഴിതാ ഇരുവരും സംഗീതം നല്‍കുന്ന ചിത്രങ്ങള്‍ ഒരേദിവസം റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എന്നാല്‍ അത് തമിഴിലല്ല എന്നതും ശ്രദ്ധേയമാണ്. തെലുങ്കിലാണ് ഇരുവരും ക്ലാഷിന് ഒരുങ്ങുന്നത്. റാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ദിയും നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാരഡൈസുമാണ് ക്ലാഷിന് തയാറെടുക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പെദ്ദിയുടെ ആദ്യ ഗ്ലിംപ്‌സ് പുറത്തിറങ്ങിയത്. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് റാം ചരണ്‍ പ്രത്യക്ഷപ്പെട്ടത്. ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന റോ ആയിട്ടുള്ള സ്‌പോര്‍ട്‌സ് ഡ്രാമയായിരിക്കും പെദ്ദിയെന്നാണ് ഗ്ലിംപ്‌സ് നല്‍കുന്ന സൂചന. ഗെയിം ചേഞ്ചറിന്റെ വമ്പന്‍ പരാജയത്തിന് ശേഷം റാം ചരണ്‍ നായകനാകുന്ന ചിത്രമാണ് പെദ്ദി.

ബ്ലോക്ക്ബസ്റ്ററായി മാറിയ ദസറക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിക്കുന്ന ചിത്രമാണ് ദി പാരഡൈസ്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അനിരുദ്ധ് തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി വ്യത്യസ്തമായ സംഗീതമാണ് പാരഡൈസില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് അനൗണ്‍സ്‌മെന്റ് വീഡിയോ കണ്ട ശേഷം പലരും അഭിപ്രായപ്പെട്ടത്.

രണ്ട് ചിത്രങ്ങളും 2026 മാര്‍ച്ച് 26നാണ് റിലീസ് ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് തന്നെയാണ് രണ്ട് ചിത്രങ്ങളും ലക്ഷ്യമിടുന്നത്. ഇതാദ്യമായാണ് എ.ആര്‍. റ്ഹമാനും അനിരുദ്ധും സംഗീതം നല്‍കിയ രണ്ട് ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യുന്നത്. രണ്ടുപേരുടെയും ആരാധകര്‍ ക്ലാഷിനായി കാത്തിരിക്കുകയാണ്.

Content Highlight: Ram Charan’s Peddi movie and Nani’s Paradise movie are going to clash release in box office