ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളി: പി.കെ. കുഞ്ഞാലിക്കുട്ടി
Kerala News
ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളി: പി.കെ. കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2022, 3:13 pm

കോഴിക്കോട്: നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയതോടെ സര്‍ക്കാര്‍ നടത്തിയതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ.

ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏതു പോസ്റ്റിലേക്കും സര്‍ക്കാരിന് നിയമിക്കാം. പക്ഷെ ശ്രീറാമിനെപ്പോലുള്ളൊരാള്‍ ഒരു കൊലപാതകക്കേസില്‍ ആരോപണ വിധേയനാണ്. അതും ഒരു മാധ്യമപ്രവര്‍ത്തകനെ പാതിരാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസില്‍. പൊതു സമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. നാട്ടിലെന്തൊക്കെ നടന്നാലും തങ്ങളിങ്ങനെയൊക്കയേ ചെയ്യൂ എന്ന സര്‍ക്കാര്‍ മനോഭാവം ഭരണകൂട ധാര്‍ഷ്ട്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊതുസമൂഹത്തിന്റെ മുഖത്താണ് ഇത്തരമൊരു നടപടിയിലൂടെ സര്‍ക്കാര്‍ കരിവാരിതേച്ചിരിക്കുന്നത്. യു.ഡി.എഫും മുസ്‌ലിം ലീഗും ഇത്തരമൊരു നിയമനത്തെ ഒരുതരത്തിലും അനുവദിക്കില്ല. സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ നടന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.യു.ഡബ്ല്യു.ജെ, കെ.എന്‍.ഇ.എഫ് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. കെ.യു.ഡബ്യു.ജെ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, ജില്ലാ സെക്രട്ടറി പി.എസ്. രാകേഷ്, ട്രഷറര്‍ പി.വി. നജീബ് ജില്ലാ വൈസ് പ്രസിഡന്റ് അസ്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.കെ. അബ്ദുല്‍ ഗഫൂര്‍, കെ.എന്‍.ഇ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സി. രതീഷ്‌കുമാര്‍, കമാല്‍ വരദൂര്‍, എം.വി. ഫിറോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Content highlight: Sreeram Venkitaraman’s appointment as collector a challenge to the rule of law kunjalikkutty