ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഴയെത്തും മുന്‍പേ. 1995ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്. ഒപ്പം സിനിമയില്‍ ശോഭന, ആനി, ശ്രീനിവാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
നന്ദകുമാര്‍ എന്ന കോളേജ് പ്രൊഫസറായി മമ്മൂട്ടി എത്തിയ സിനിമയിലൂടെ ശ്രീനിവാസന് മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ താന്‍ മമ്മൂട്ടിയോട് കഥ പറയാന്‍ പോയതിനെ കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍. വണ്‍ ടു ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Sreenivasan
‘പാലക്കാട് മലമ്പുഴ ഡാം കാണുന്ന രീതിയില്‍ ഒരു ഗസ്റ്റ് ഹൗസുണ്ട്. ഞാന്‍ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് അവിടെ പോയി താമസിച്ചു. അവിടെ നിന്നാണ് കഥ എഴുതി ഒരു രൂപമുണ്ടാക്കിയെടുത്തത്. എന്നിട്ടാണ് ഞങ്ങള്‍ ഷൂട്ടിങ് തുടങ്ങിയത്.
ബാക്കി സീനുകള്‍ പലതും ഷൂട്ടിങ് സമയത്ത് ഓരോ ദിവസവും രാത്രി എഴുതിയതാണ്. എന്നിട്ട് രാവിലെ അത് ഷൂട്ട് ചെയ്യും. ആ സിനിമ സത്യത്തില്‍ നടക്കുമോയെന്ന് സംശയമായിരുന്നു. ഞാനും കമലും കൂടെ ഈ പടത്തിന്റെ കഥയുമായി മമ്മൂട്ടിയെ കാണാന്‍ പോകുന്നത് സുകൃതം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്കാണ്.
ഒറ്റപ്പാലത്തായിരുന്നു ലൊക്കേഷന്‍. സിനിമയിലെ പ്രധാന നടനായത് കൊണ്ട് കഥ ഇഷ്ടപ്പെട്ടാലല്ലേ അദ്ദേഹം അഭിനയിക്കുകയുള്ളൂ. എന്നെയും കമലിനെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സിനിമയായിരുന്നു ഇത്.
അന്ന് കമല് അധികം പടങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് എന്റെ ഓര്‍മ. അന്ന് ഞാന്‍ മമ്മൂട്ടിയോട് കഥ പറഞ്ഞു. കഥ കേട്ട് കഴിഞ്ഞതും മമ്മൂട്ടി എന്നെ കുറേ തെറി പറഞ്ഞു. അത് പറയാന്‍ ഒരു കാരണമുണ്ടായിരുന്നു. നേരത്തെ ഒരു കഥയുണ്ടാക്കിയിട്ട് നമ്മളായിട്ട് അത് വേണ്ടെന്ന് വെച്ചിരുന്നു.
അതിനായി അദ്ദേഹത്തില്‍ നിന്നും ഡേറ്റും വാങ്ങിയിരുന്നു. അത് നടക്കാത്തതിന്റെ ദേഷ്യമായിരുന്നു മമ്മൂട്ടിക്ക്. ഇത്രയും നല്ലൊരു കഥ വേണ്ടെന്ന് വെച്ചിട്ട് ഇപ്പോള്‍ കൊണ്ടുവന്ന കഥയാണോ ഇതെന്നായിരുന്നു ചോദിച്ചത്. അന്ന് ആ പറഞ്ഞത് സ്‌നേഹ കൂടുതല്‍ കൊണ്ടാണോ അതോ ദേഷ്യ കൂടുതല് കൊണ്ടാണോയെന്ന് എനിക്ക് അറിയില്ല (ചിരി),’ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Sreenivasan Talks About Mammootty And Mazhayethum Munpe