ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തു; കണ്ണന്താനത്തെപ്പോലെയുള്ളവരെ കൊണ്ടുവന്നതില്‍ ഗുണമുണ്ടായില്ലെന്നും പി.പി മുകുന്ദന്‍
Kerala News
ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തു; കണ്ണന്താനത്തെപ്പോലെയുള്ളവരെ കൊണ്ടുവന്നതില്‍ ഗുണമുണ്ടായില്ലെന്നും പി.പി മുകുന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2019, 12:27 pm

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍. അവസാന നിമിഷം വരെ ജയിക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷയ്ക്ക് അനുസരിച്ചിട്ട് കേരളത്തില്‍ ബി.ജെ.പിക്ക് ഉയരാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖം ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കാനില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് ദോഷകരമായി മാറി. ഉദാഹരണം, തന്ത്രി അദ്ദേഹത്തോട് സംസാരിച്ച വിഷയം. ആദ്യം സംസാരിച്ചുവെന്ന് പറഞ്ഞു. പിന്നീട് മാറ്റി പറഞ്ഞു. കോടതിയില്‍ വീണ്ടും അഭിപ്രായം മാറ്റി. ഓഫ് ദ റെക്കോര്‍ഡായി പറയുന്ന കാര്യങ്ങള്‍ ഒരാളെ വിശ്വസിച്ച് പറയുന്നതാണ്. ഇന്റഗ്രിറ്റി ഒരു ഘടകമാണ്. മുതിര്‍ന്ന പ്രവര്‍ത്തകരേയും നേതാക്കളേയും അവഗണിച്ചതിന്റെ ഫലം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പാര്‍ട്ടിക്ക് ക്ഷീണം വരുത്തിയെന്നും അത് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന കാര്യത്തിലും ആശയകുഴപ്പമുണ്ടായെന്നും ബി.ജെ.പി നേതാക്കളെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയത്തെ സംഘടനയുടെ ബലത്തോടുകൂടിയിട്ട് ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും പി.പി മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതില്‍ ഗുണമുണ്ടായില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുടെ അഭിപ്രായം തേടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

DoolNews Video