അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെങ്കില്‍ തെറ്റാണെന്ന് ശ്രീധരന്‍ പിള്ള; കളക്ടര്‍ പിണറായിക്കു ദാസ്യവേല ചെയ്യുകയാണെന്ന് ഗോപാലകൃഷ്ണന്‍
D' Election 2019
അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെങ്കില്‍ തെറ്റാണെന്ന് ശ്രീധരന്‍ പിള്ള; കളക്ടര്‍ പിണറായിക്കു ദാസ്യവേല ചെയ്യുകയാണെന്ന് ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 11:04 am

തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെങ്കില്‍ അതു തെറ്റാണെന്നും സുരേഷ് ഗോപി അങ്ങനെ ചെയ്‌തെന്നു കരുതുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. സുരേഷ് ഗോപി ചട്ടലംഘനം നടത്തിയിട്ടില്ലെന്നും കളക്ടറുടെ നോട്ടീസിന് മറുപടി നല്‍കുന്നതിനുള്ള നടപടികള്‍ ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തില്‍ ശബരിമല വിഷയം ഉന്നയിച്ചാല്‍ അതു തെറ്റാകില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Also Read: കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകകുടുംബങ്ങളോട് മാപ്പ് പറയുമോ; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ്

അതേസമയം, പിണറായി വിജയനു ദാസ്യവേല ചെയ്യുകയാണ് കളക്ടറെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചു. സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത് അസംബന്ധമാണെന്നും നവോത്ഥാന മതിലില്‍ പങ്കെടുത്തവരാണ് കളക്ടറെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ബി.ജെ.പി. അയ്യന്‍ എന്നതിന്റെ അര്‍ഥം സഹോദരന്‍ എന്നാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസിന് പാര്‍ട്ടി വിശദീകരണം നല്‍കുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഭക്തന്റെ ഗതികേടാണെന്നും സുരേഷ് ഗോപി ഇന്നു രാവിലെ പ്രതികരിച്ചിരുന്നു. പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കാണിച്ചായിരുന്നു അത്.

Also Read: തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്; സുരേഷ് ഗോപിക്കെതിരായ നടപടിയില്‍ ടി.വി അനുപമ

തൃശ്ശൂരിലെ എന്‍.ഡി.എ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ശബരിമലയുടെ പേരുപറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.