Film News
ഫേവറൈറ്റ് സൗത്ത് ആക്ടര്‍ തെലുങ്ക് താരം, ആ ഷാരൂഖ് ചിത്രത്തില്‍ നായികയാവണമെന്നുണ്ടായിരുന്നു: ശ്രദ്ധ കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 16, 03:42 am
Thursday, 16th March 2023, 9:12 am

തനിക്ക് വേണമെന്ന് തോന്നിയിട്ടുള്ള സൂപ്പര്‍ പവറുകളെ പറ്റി സംസാരിക്കുകയാണ് ബോളിവുഡ് താരം ശ്രദ്ധ കപൂര്‍. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിനിടയിലെ റാപ്പിഡ് ഫയര്‍ സെഷനില്‍ ഒരു സൂപ്പര്‍ പവര്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഏതായിരിക്കും എന്നായിരുന്നു ആദ്യത്തെ ചോദ്യം.

അങ്ങനെ ഒന്ന് ലഭിക്കുകയാണെങ്കില്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് നിമിഷ നേരം കൊണ്ട് പോകാനുള്ള സൂപ്പര്‍ പവര്‍ വെണമെന്നതായിരിക്കും എന്നായിരുന്നു ശ്രദ്ധയുടെ മറുപടി. അണ്ടര്‍പ്രിവിലേജ്ഡായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അതിന് സാധിക്കുന്ന സൂപ്പര്‍ പവറും വേണമെന്നും ശ്രദ്ധ പറഞ്ഞു.

റോഡ് ട്രിപ്പ് പോവണമെന്ന് ആഗ്രഹിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണ് എന്ന ചോദ്യത്തിന് വഹിദ റഹ്മാന്‍, ജൂലിയ റോബേര്‍ട്ട്‌സ്, ഗുരു ദത്ത് എന്നിവരുടെ പേരുകളാണ് ശ്രദ്ധ പറഞ്ഞത്.

ഏറ്റവും ഇഷ്ടപ്പെട്ട സൗത്ത് ആക്ടറായി ശ്രദ്ധ പറഞ്ഞത് പ്രഭാസിനെയാണ്. വരുണ്‍ ധവാനില്‍ നിന്നും എന്തെങ്കിലും മോഷ്ടിക്കാന്‍ അവസരം ലഭിച്ചാല്‍ അത് എന്തായിരിക്കുമെന്ന് ചോദ്യത്തിന് അവന്റെ പെറ്റ് ഡോഗ് ജോയിയെ മോഷ്ടിക്കുമെന്ന് താരം പറഞ്ഞു. ടൈഗര്‍ ഷ്‌റോഫില്‍ നിന്നും ബാക്ക്ഫ്‌ളിപ്പ് സ്‌കില്‍സും സുശാന്ത് സിങ് രജ്പുത്തില്‍ നിന്നും ബുക്ക് കളക്ഷന്‍സും മോഷ്ടിക്കുമെന്നും ശ്രദ്ധ പറഞ്ഞു.

അടുത്തിടെ കണ്ട ചിത്രങ്ങളില്‍ അഭിനയിക്കണമെന്ന് തോന്നിയത് ഏതാണെന്ന ചോദ്യത്തിന് അടുത്ത കാലത്തെ സിനിമകളൊന്നും മനസിലേക്ക് വരുന്നില്ലെന്നും ദില്‍വാലെ ദുല്‍ഹനിയേ ലേ ജായേങ്കേ എന്ന ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും ശ്രദ്ധ പറഞ്ഞു.

തു ജൂതി മെയ്ന്‍ മക്കാറാണ് ഒടുവില്‍ റിലീസ് ചെയ്ത ശ്രദ്ധയുടെ ചിത്രം. ലവ് രഞ്ജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറായിരുന്നു നായകന്‍. മാര്‍ച്ച് എട്ടിന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ തുടരുകയാണ്.

Content Highlight: sradha kapoor says prabhas is her favourite south actor