Entertainment
നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മൂന്നാമത്തെ സീരീസായി സ്‌ക്വിഡ് ഗെയിം 2
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 15, 05:41 am
Wednesday, 15th January 2025, 11:11 am

നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മൂന്നാമത്തെ സീരീസായി സ്‌ക്വിഡ് ഗെയിം 2. 152.5 മില്യണ്‍ ആളുകളാണ് ഈ കൊറിയന്‍ സീരീസ് ഇതുവരെ കണ്ടത്.

2024 ഡിസംബര്‍ 26ന് പുറത്തിറങ്ങിയ സ്‌ക്വിഡ് ഗെയിം 2 നാല് ദിവസം കൊണ്ട് തന്നെ 68 മില്യണ്‍ ആളുകള്‍ കണ്ടിരുന്നു. ഇത് നെറ്റ്ഫ്‌ളിക്‌സിന്റെ എക്കാലത്തെയും മികച്ച റെക്കോഡായിരുന്നു.

സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ ഭാഗമാണ് നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഒന്നാമത്തെ സീരീസ്. 265 മില്യണ്‍ ആളുകളാണ് ആദ്യ ഭാഗം കണ്ടത്. അമേരിക്കന്‍ സൂപ്പര്‍നാച്ചുറല്‍ മിസ്റ്ററി കോമഡി സീരീസായ വെനസ്‌ഡേയാണ് (254 മില്യണ്‍) നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട രണ്ടാമത്തെ സീരീസ്.

2021ല്‍ നെറ്റ്ഫ്‌ളിക്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായിരുന്നു സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ ഭാഗം. 21 മില്യണ്‍ ബജറ്റിലായിരുന്നു ഈ സീരീസ് ഒരുക്കിയത്. എന്നാല്‍ 900 മില്യണിലധികം വരുമാനമുണ്ടാക്കാന്‍ സ്‌ക്വിഡ് ഗെയിമിന് സാധിച്ചിരുന്നു.

ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഈ കൊറിയന്‍ സീരീസിന് സാധിച്ചിരുന്നു. 2021 സെപ്റ്റംബറിലായിരുന്നു ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ ഈ സീരീസ് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തത്.

പിന്നീട് ലോകമെമ്പാടുമുള്ള സീരീസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണിന് വേണ്ടിയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു 2024 ഡിസംബറില്‍ സീരീസിന്റെ രണ്ടാം സീസണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്.

ആദ്യ ഭാഗത്തിന് മികച്ച അഭിപ്രായമായിരുന്നു നേടിയതെങ്കിലും രണ്ടാം സീസണിന് മിക്‌സ്ഡ് റിവ്യൂ ആയിരുന്നു ലഭിച്ചത്. ഇപ്പോള്‍ സീരീസിന്റെ മൂന്നാമത്തെ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സ്‌ക്വിഡ് ഗെയിം ആരാധകര്‍. 2025ലാകും മൂന്നാം ഭാഗം എത്തുക.

Content Highlight: Squid Game 2 Become The Third Most Watched Series On Netflix