കൊച്ചി: ഇന്ത്യയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ മകന് വേണ്ടി കേന്ദ്രം ഇടപെടുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ച് അമ്മ. ഷാഹുബനാഥ് ബീവിയാണ് 2015 ഓഗസ്റ്റ് മുതല്‍ ജയിലായ മകനെ രക്ഷിക്കാനായി കേന്ദ്രം ഇടപെടുന്നില്ലെന്ന് കാണിച്ച് കേരള ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ മകനായ ഷിഹാനി മീര സാഹിബ് ജമാല്‍ മുഹമ്മദിനെ 2015 ഓഗസ്റ്റ് 25 മുതല്‍ അബുദാബി കേന്ദ്ര ജയിലില്‍ അടച്ചിട്ടുണ്ടെന്നാണ് ഷാഹുബനാഥിന്റെ ഹരജിയില്‍ പറയുന്നത്.
മകനെ കഠിന പീഡനത്തിനും ഉപദ്രവത്തിനും വിധേയമാക്കിയിട്ടുണ്ടെന്നും എന്നാല്‍ അവിടത്തെ ഇന്ത്യന്‍ എംബസിയില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്നും ഷാഹുബനാഥ് ബീവിയുടെ ഹരജിയില്‍ പറയുന്നു.
യു.എ.ഇയിലെ കോടതിയില്‍ മകന് ശരിയായ നിയമ സഹായം പോലും നല്‍കിയിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. മകന് അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ചതടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ സഹായം തേടി ഏറ്റവുമൊടുവില്‍ ഈ വര്‍ഷം ജൂണ്‍ 11 നടക്കം നിരവധി തവണ അപേക്ഷ നല്‍കിയിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.