Entertainment
എന്റെ ഇംഗ്ലീഷിനെ പലരും കളിയാക്കുന്നുണ്ട്, എന്നാല്‍ എന്നെപ്പോലെ മലയാളം എഴുതാനും വായിക്കാനുമാറിയാവുന്ന എത്രപേരുണ്ടെന്ന് എനിക്ക് അറിയണം: പൃഥ്വിരാജ്

നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.

ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു എന്ന് പറഞ്ഞാണ് പലരും വിമര്‍ശിക്കുന്നത്. എനിക്ക് അറിയേണ്ട കാര്യമെന്താണെന്ന് വെച്ചാല്‍, എന്റെ ജനറേഷനിലുള്ളവരില്‍ എത്രപേര്‍ക്ക് എന്നെക്കാള്‍ നന്നായി മലയാളം എഴുതാനും വായിക്കാനും അറിയും എന്നാണ്- പൃഥ്വിരാജ്

കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന നടനായിരുന്നു പൃഥ്വിരാജ്. ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ പേരില്‍ ഒരുപാട് സൈബര്‍ ബുള്ളിയിങ് പൃഥ്വിക്ക് നേരിടേണ്ടി വന്നു. തന്റെ നിലപാടുകളുടെ പേരിലും പൃഥ്വിയെ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതില്‍ തളരാതെ പൂര്‍വാധികം ശക്തിയോടെ ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന പൃഥ്വിയെയാണ് കാണാന്‍ സാധിക്കുന്നത്.

അത്തരം സൈബര്‍ അറ്റാക്കുകളെപ്പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്. തന്നോട് ആളുകള്‍ക്ക് എന്തിനാണ് ഇത്ര ദേഷ്യമെന്ന് തനിക്ക് അറിയില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. താന്‍ ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കുള്ളൂവെന്ന് പലരും വിമര്‍ശിക്കുന്നത് കേള്‍ക്കാറുണ്ടെന്നും അത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

തന്റെ ജനറേഷനിലുള്ള എത്രപേര്‍ക്ക് തന്നെക്കാള്‍ നന്നായി മലയാളം എഴുതാനും വായിക്കാനും അറിയുമെന്ന് തനിക്ക് അറിയണമെന്നും പൃഥ്വിരാജ് പറയുന്നു. അന്നത്തെ സൈബര്‍ അറ്റാക്കില്‍ നിന്ന് താന്‍ മാറിനടക്കാന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ അത് സാധ്യമല്ലെന്ന് മനസിലായപ്പോള്‍ താന്‍ അതിനെ മൈന്‍ഡ് ചെയ്യാതായെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘എന്നെ ആളുകള്‍ ഇപ്പോഴും വെറുക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ചിലര്‍ക്ക് ഞാന്‍ എന്ത് ചെയ്താലും ഇഷ്ടമാകില്ല. ഇത് പണ്ടുമുതലേ നടക്കുന്ന കാര്യമാണ്. ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു എന്ന് പറഞ്ഞാണ് പലരും വിമര്‍ശിക്കുന്നത്. എനിക്ക് അറിയേണ്ട കാര്യമെന്താണെന്ന് വെച്ചാല്‍, എന്റെ ജനറേഷനിലുള്ളവരില്‍ എത്രപേര്‍ക്ക് എന്നെക്കാള്‍ നന്നായി മലയാളം എഴുതാനും വായിക്കാനും അറിയും എന്നാണ്.

prithviraj, ajith

അന്നത്തെ സൈബര്‍ അറ്റാക്കിന്റെ സമയത്ത് ഞാന്‍ കണ്‍ഫ്യൂസ്ഡായിരുന്നു. ഞാന്‍ എന്ത് ചെയ്തിട്ടാണ് ആളുകള്‍ ഇങ്ങനെ എന്നെ ആക്രമിക്കുന്നതെന്ന് അറിയില്ലായിരുന്നു. എന്താണ് കാരണം എന്നറിഞ്ഞാലല്ലേ നമുക്ക് അത് തിരുത്താന്‍ സാധിക്കുള്ളൂ. പിന്നീട് ഞാന്‍ അതിനെ മൈന്‍ഡ് ചെയ്യാതായി. അതിനെ അതിന്റേതായ വഴിക്ക് വിട്ടു. അതാണ് ശരിയെന്ന് എനിക്ക് മനസിലായി,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj about the cyber attack he faced