മഞ്ചേരി: മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫ് കൊലക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാമെന്ന് കോടതി. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാരെന്നാണ് മഞ്ചേരി കോടതി ഉത്തരവ്.
കേസില്‍ മറ്റ് 12 പ്രതികളെ വെറുതെ വിട്ടു. മറ്റാന്നാള്‍ പ്രതികളുടെ ശിക്ഷ വിധിക്കും. മനപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനാവാതെയുള്ള കേസുകളിലെ ആദ്യ ശിക്ഷയാണിതെന്നാണ് പൊലീസ് പറയുന്നത്.
2019ലാണ് മൈസൂരുവില്‍ നിന്നും ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. ഒരു വര്‍ഷത്തോളം മുഖ്യപ്രതിയുടെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ ഷെരീഫില്‍ നിന്നും ഒറ്റമൂലികള്‍ കൈവശമാക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുവന്ന് പാര്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തത്.
മര്‍ദനത്തിന് പിന്നാലെ അദ്ദേഹം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചെറിയ കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ പ്രതികള്‍ ഒഴുക്കുകയുമായിരുന്നു. അന്വേഷണത്തില്‍ പ്രതിയുടെ കാറില്‍ നിന്നും ഷാബാ ഷെരീഫിന്റെ മുടി കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം പുരോഗമിച്ചത്.
Content Highlight: Murder of traditional healer Shaba Sharif; Three people, including the first accused, found guilty